മസ്കത്ത്: രാജ്യത്ത് പുതിയ ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വ്യാഴാഴ്ച മുസന്ദം ഗവർണറേറ്റിൽ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ കോരിച്ചൊരിയുക. ആലിപ്പഴവും വർഷിക്കും. ഇത് ക്രമേണ വെള്ളി, ശനി ദിവസങ്ങളിൽ ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത് ഗവർണറേറ്റുകളിലേക്ക് വ്യാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
വിവിധ ഇടങ്ങളിൽ 10മുതൽ 50 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുറിച്ച് കടക്കാൻ’ ശ്രമിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 28മുതൽ 56 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. കടൽ പ്രക്ഷുബ്ധമാകും. മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽതീരങ്ങളിലും തിരമാലകൾ രണ്ടുമീറ്റർവരെ ഉയരാൻ സാധ്യതയുണ്ട്. സമുദ്രയാത്രക്കൊരുങ്ങുന്നതിന് മുമ്പ് ദൃശ്യപരതയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.