മസ്കത്ത്: അറബിക്കടലിൽ അനുഭവപ്പെടാൻ സാധ്യതയുള്ള ന്യൂനമർദം ഒമാനിലെ ഏതാണ്ടെല്ലാ ഗവർണറേറ്റുകളെയും ബാധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ഇടിമിന്നലോട് കൂടിയ മഴ തെക്കൻ ബാത്തിന, ദാഖിലിയ്യ, മസ്കത്ത്, വടക്കൻ ബാത്തിന, അൽ ദാഹിറ, അൽ ബുറൈമി, വടക്കൻ ശർഖിയ്യ, മുസന്തം എന്നി ഗവർണറേറ്റുകളെ ബാധിച്ചേക്കും. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയാണ് ന്യൂനമർദം കാരണം ഉണ്ടാവുക. മഴയുടെ വ്യാപ്തിയും ശക്തിയും വ്യത്യസ്തമായിരിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴമേഘങ്ങൾ രൂപപ്പെടും. ഇൗ ദിവസങ്ങളിൽ വൈകുന്നരത്തോടെ തെക്കൻ ബാത്തിന, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ്യ, വടക്കൻ ബാത്തിന, മസ്കത്ത്, അൽ ദാഖിലിയ്യ എന്നീ ഗവർണറേറ്റുകളിലും അൽ ദാഖിറ, അൽ ബുറൈമി, അൽ വുസ്ത, അൽ മുസന്തം എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും മഴ പെയ്യുമെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
തെക്കൻ ബാത്തിന, ദാഖിലിയ്യ, മസ്കത്ത്, വടക്കൻ ബാത്തിന എന്നീ ഗവർണറേറ്റുകളെയാണ് ന്യുനമർദം കൂടുതൽ ശക്തിയായി ബാധിക്കുക. ഇവിടങ്ങളിൽ 25 മില്ലീ മീറ്റർ മുതൽ 50 മില്ലീ മീറ്റർ വരെ മഴ ലഭിക്കുമെന്നും ചിലയിടങ്ങളിൽ വാദികൾ രൂപപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
28 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാറ്റിൽ ഇളകി നിൽക്കുന്ന വസ്തുക്കൾ പാറിപ്പോവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ നാലു മീറ്റർ വരെ ഉയരത്തിൽ ഉയർന്ന് പൊങ്ങാനും സാധ്യതയുണ്ട്. മഴയും കാറ്റും മൂലം പൊടി പടലങ്ങൾ ഉയർന്ന് പൊങ്ങാനും കാഴ്ച പരിധി കുറയാനും സാധ്യതയുണ്ട്.
ബുധനാഴ്ച തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, മസ്കത്ത്, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലാണ് ഇടിമിന്നലോട് കൂടിയ മഴക്ക് കൂടുതൽ സാധ്യത. അൽ ഹജർ പർവത നിരകളിലും അനുബന്ധ സ്ഥലങ്ങളിലും ബുധനാഴ്ച ഉച്ചക്ക് ശേഷം മേഘങ്ങൾ രൂപപ്പെടാനും മഴക്കും സാധ്യതയുണ്ട്. ബുധനാഴ്ച 20 മുതൽ 40 മില്ലീ മീറ്റർ മഴ പെയ്യാനാണ് സാധ്യത. മണിക്കൂറിൽ 28 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.
മഴ ഒമാനിൽ ദുരന്തം വിതക്കാറുണ്ട്. കഴിഞ്ഞ ഏപ്രിൽ 14ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ 19പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഇതിൽ സമദ് ഷാനിലെ 12 കുട്ടികളുടെ മരണം എല്ലാവരുടെയും കരൾ ഉലക്കുന്നതായിരുന്നു. അതിന് ശേഷം മഴ ഉണ്ടാവുമ്പോൾ ശക്തമായ മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. മഴ സമയത്ത് വാദിയിലും നീരൊഴുക്കുകളിലും വാഹനം ഇറക്കുന്നതും ഇതിൽ ഇറങ്ങുന്നതും ശിക്ഷാർഹമാണ്. അതിനാൽ മഴ പെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് ഒമാൻ അധികൃതർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.