സുഹാർ: വിമാനയാത്രക്കാർക്ക് അനുവദിച്ച ബാഗേജിൽ തൂക്കംകൂടുന്നത് പലപ്പോഴും ചെക്ക് ഇൻ കൗണ്ടറിൽ തർക്കം പതിവാകുന്നു. അനുവദിച്ച ബാഗേജ് 30 കിലോയും ഹാൻഡ് ബാഗ് ഏഴു കിലോയുമാണ്. ഒമാനിൽനിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ വിമാന സർവിസുള്ളൂ. അതിനാൽ യാത്രക്കാരുടെ എണ്ണം കൂടുതലാണ്. മൂന്നോ നാലോ കൗണ്ടറുകളാകും ഉണ്ടാകുക. ഇതിനിടെ ലഗേജ് കൂടുന്നതിെൻറ വാക്കുതർക്കം മറ്റു യാത്രക്കാർക്കും ചെക്ക് ഇൻ സ്റ്റാഫിനും സൃഷ്ടിക്കുന്ന പ്രയാസം ചില്ലറയല്ല. വിമാന സുരക്ഷയുടെ ഭാഗമായി ഭാരം ക്രമീകരിക്കാൻ ജീവനക്കാർ ബാധ്യസ്ഥരാണ്.ഇക്കാരണങ്ങൾ കൊണ്ടാണ് തൂക്കത്തിെൻറ കാര്യത്തിൽ കർശന നിലപാട് എടുക്കേണ്ടിവരുന്നതെന്ന് വിമാനത്താവള ജീവനക്കാർ പറയുന്നു. ചില വിമാന കമ്പനികൾ മാത്രം സർവിസ് നടത്തുന്ന ഇപ്പോഴത്തെ സ്ഥിതിയിൽ വിട്ടുവീഴ്ച സാധ്യമാകില്ലെന്നാണ് പറയുന്നത്.
തൂക്കം കൂടിയ ലഗേജ്, ഡ്യൂട്ടി അടച്ചാൽ അതേ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കുന്നത് എങ്ങനെയാണെന്നാണ് യാത്രക്കാരുടെ ചോദ്യം. ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങുന്ന സാധനം അടക്കം വിമാനത്തിലേക്കുള്ള പ്രവേശന കവാടത്തിൽ പരിശോധിക്കും. ഏഴു കിലോയിൽ കൂടുതലുണ്ടെങ്കിൽ ഡ്യൂട്ടി കെട്ടേണ്ടിവരും. കൈയിലുള്ള റിയാലിന് ചോക്ലേറ്റ്സ്, പാൽപൊടി തുടങ്ങിയവ വാങ്ങിയവർക്ക് അധിക തൂക്കത്തിനു പണം അടക്കാൻ കാശ് കാണില്ല. ഇങ്ങനെ വാങ്ങിയ സാധനങ്ങൾ അവസാനം ഉപേക്ഷിച്ചു പോകാറാണ് പതിവ്. പഴയകാലത്ത് ലഗേജ് തൂക്കം കർശനമായി പാലിക്കാതെ ചില ഇളവുകൾ നൽകിയിരുന്നു. അതുമാത്രമല്ല ഡ്യൂട്ടി ഫ്രീ ഷോപ്പ് ബാഗുകൾ കൊണ്ടുപോകാൻ അനുവദിക്കുകയും ചെയ്തിരുന്നു. ഈ അനുകൂല്യങ്ങൾ നിർത്തലാക്കി എന്നറിയാതെ എത്തുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പെട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.