മസ്കത്ത്: ഉച്ചവിശ്രമ നിയമം കമ്പനികളും സ്ഥാപനങ്ങളും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി പരിശോധനയുമായി തൊഴിൽ മന്ത്രാലയം. നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ജോലി നിർത്തിവെക്കേണ്ടതിനെ കുറിച്ച് അവബോധം വളർത്തുന്നതിനായായിരുന്നു കഴിഞ്ഞ ദിവസം കാമ്പയിൻ നടത്തിയത്. വടക്കൻ ബാത്തിനയിലെ സുവൈഖിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ആണ് ബിസിനസ് ഉടമകൾക്കായി ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കത്തുന്ന ചൂടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം എല്ലാ വർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. ഉച്ചവിശ്രമം നടപ്പാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 500 റിയാലിൽ കുറയാത്തതും
1000 റിയാലിൽ കൂടാത്തതുമായ പിഴയും ചുമത്തും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 118ലെ വ്യവസ്ഥകൾ അനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഉച്ച വിശ്രമ നിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു. നിലവിൽ രാജ്യത്ത് പലയിടത്തും 50ന് അടുത്താണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.