മസ്കത്ത്: ഒമാനിലെ ഈ വർഷത്തെ ക്രൂയിസ് കപ്പൽ സീസൺ അവസാനിക്കുന്നു. ഈ സീസണിൽ ഇനി 21 കപ്പലുകളാണ് മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്ത് നങ്കൂരമിടാനുള്ളത്. മേയിൽ മത്രയിലെത്തുന്ന കപ്പലുകളുടെ എണ്ണം ആറായി കുറയും. ജൂണിൽ ഒരു കപ്പലാണ് നങ്കൂരമിടുക. പുതിയ സീസൺ ഒക്ടോബർ അവസാനത്തോടെയാണ് ആരംഭിക്കുക. നവംബറോടെ കപ്പലുകളുടെ എണ്ണം വർധിക്കും.
ഡിസംബറിൽ കപ്പലുകളുടെയും യാത്രക്കാരുടെയും എണ്ണം കുതിക്കും. അടുത്തിടെ മത്ര തുറമുഖത്തെത്തുന്ന ക്രൂസ് കപ്പലുകളുടെ എണ്ണം വൻ തോതിൽ വർധിച്ചിരുന്നു. ഒമാൻ ക്രൂസ് കപ്പൽ യാത്രക്കാരുടെ ഇഷ്ട കേന്ദ്രമാകുകയാണ്. ഈ വർഷം ഇനി 1,77,584 യാത്രക്കാരാണ് ആഡംബര കപ്പൽ വഴി ഒമാൻ സന്ദർശിക്കാനെത്തുക. ഈ മാസം അഞ്ച് കപ്പലുകളാണ് മത്രയിലെത്തുക. ഇതിൽ 18,496 യാത്രക്കാരുണ്ടാവും. ഇതിൽ എം.എസ്.സി വേൾഡ് യൂറോപ്പാ എന്ന കപ്പലിൽ 6774 യാത്രക്കാരുണ്ടാവും.
ഏപ്രിലിൽ മൊത്തം ഒമ്പത് കപ്പലുകൾ മത്രയിലെത്തും. ഇതിൽ 24,286 യാത്രക്കാരുണ്ടാവും. മേയിൽ ആറ് കപ്പലുകൾ എത്തുമെങ്കിലും യാത്രക്കാർ 8560 ആയി കുറയും. ജൂൺ മധ്യത്തിൽ ഒരു കപ്പൽ കൂടി എത്തുന്നതോടെ സീസൺ അവസാനിക്കും. ഒക്ടോബർ 27നാണ് പുതിയ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ രണ്ട് കപ്പലുകളിൽ 5394 യാത്രക്കാരുണ്ടാവും.
നവംബറിൽ 15 കപ്പലുകളാണ് മത്രയിലെത്തുന്നത്. ഇതിൽ 44,748 യാത്രക്കാരുണ്ടാവും. ഡിസംബറിൽ 27 കപ്പലുകളാണ് എത്തുക. 90,350 യാത്രക്കാരാണുണ്ടാവുക. ചുരുക്കത്തിൽ അടുത്ത ഡിസംബറിൽ മത്ര ക്രൂസ് കപ്പൽ യാത്രക്കാരെ കൊണ്ട് നിറയും. അടുത്ത വർഷവും മത്രയിലെത്തുന്ന ആഡംബര കപ്പലുകളുടെ എണ്ണം ഗണ്യമായി വർധിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഒമാനും മത്രയും ആഡംബര കപ്പൽ യാത്രക്കാരുടെ ഇഷ്ടകേന്ദ്രമാകും.
ക്വീൻ വിക്ടോറിയ സലാല തുറമുഖത്തെത്തി
മസ്കത്ത്: വിനോദ സഞ്ചാരികളുമായി ക്വീൻ വിക്ടോറിയ ക്രൂസ്കപ്പൽ സലാല തുറമുഖത്തെത്തി. 2,613 വിനോദസഞ്ചാരികളാണ് കപ്പലിലുണ്ടായിരുന്നതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. സലാല തുറമുഖത്തെത്തിയ സഞ്ചാരികൾ ബീച്ചുകളും പരമ്പരാഗത മാർക്കറ്റുകളും ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു, വിനോദസഞ്ചാര, ചരിത്ര സ്മാരകങ്ങളും സന്ദർശിച്ചു. സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി.
യു.എ.ഇയിൽ നിന്നാണ് ക്വീൻ വിക്ടോറിയ സലാലയിലെത്തിയത്. ഇവിടെനിന്നും ജോർഡനിലേക്ക് പോകുമെന്നും പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.