മസ്കത്ത്: ഇന്ത്യൻ സ്കൂൾ മബേല 14ാം വാർഷികാഘോഷം വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടെ നടന്നു. ഉരീഡോ ഒമാൻ ചീഫ് ഗവൺമെന്റ് റിലേഷൻസ് ഓഫിസർ അൽ സയ്യിദ് അബ്ദുല്ല അൽ ബുസൈദി, ഒമാനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്റർനാഷനൽ സ്കൂളുകളുടെ അസിസ്റ്റന്റ് ഡയറക്ടർ കൗതർ അൽ സുലൈമാനി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.
കോർപറേറ്റ് ടെക്നോ പ്ലാസ്റ്റിക് ഇൻഡസ്ട്രി എസ്.എ.ഒ.സി ജനറൽ മാനേജർ ഒമർ സുലൈമാൻ അൽ ബഹ്രി വിശേഷാതിഥിയായി. ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാനും മബേല സ്കൂൾ ഡയറക്ടർ ഇൻചാർജുമായ സയ്യിദ് സൽമാൻ, ഇന്ത്യൻ സ്കൂൾ ബോർഡ് ഗ്രീവൻസ് കമ്മിറ്റി ചെയർപേഴ്സണും മബേല സ്കൂൾ ഡയറക്ടർ ഇൻചാർജുമായ എസ്. കൃഷ്ണേന്ദു എന്നിവർ ആശംസകൾ നേർന്നു. മബേല സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് ഷമീം ഹുസൈൻ, കമ്മിറ്റിയംഗങ്ങൾ, ഇതര ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ, പ്രത്യേക ക്ഷണിതാക്കൾ, അഭ്യുദയകാംക്ഷികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെയും ഒമാന്റെയും ദേശീയഗാനം, കുട്ടികളുടെ പ്രാർഥനഗാനം എന്നിവക്കുശേഷം ഭദ്രദീപം തെളിയിച്ചതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. സ്കൂൾ പ്രിൻസിപ്പൽ പർവീൺ കുമാർ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയിൽ ഉന്നതവിജയം നേടി ഒമാനിൽ ഒന്നാമതെത്തിയ വിദ്യാർഥികളെ ചടങ്ങിൽ അഭിനന്ദിച്ചു. സ്കൂളിൽ പത്തുവർഷവും അഞ്ചു വർഷവും സേവനം അനുഷ്ഠിച്ച അധ്യാപകരെയും ഒമാനിപ്രവർത്തകരെയും വേദിയിൽ ആദരിച്ചു. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ നൂറിൽ നൂറു മാർക്കും നേടിയ വിദ്യാർഥികളെയും അവരെ സജ്ജരാക്കിയ അധ്യാപകരെയും അനുമോദിച്ചു.
മികച്ച ഔട്ട്ഗോയിങ് വിദ്യാർഥി, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ്, വേൾഡ് സ്കോളേഴ്സ് കപ്പ് ജേതാക്കൾ, ദേശീയ തലത്തിൽ ചെസ് ചാമ്പ്യന്മാരെയും സി.ബി.എസ്.ഇ ക്ലസ്റ്റേഴ്സ് ചാമ്പ്യന്മാർ, വിവിധ വിഭാഗങ്ങളിലെ സ്റ്റാഫംഗങ്ങൾ, ഐ.എസ്.എ.എം ഇന്നൊവേറ്റീവ് പ്രാക്ടീസ് അവാർഡ് ജേതാക്കൾ എന്നിവരെയും ആദരിച്ചു.
നൃത്ത നൃത്യം, നാടകം സംഗീതം എന്നിവ കോർത്തിണക്കി ആയിരത്തിലധികം വിദ്യാർഥികൾ അവതരിപ്പിച്ച അ കലാവിരുന്ന് ആസ്വാദകർക്ക് സവിശേഷമായ ശ്രാവ്യ ദൃശ്യാനുഭവമായി. ഹെഡ് ഗേൾ സുവീക്ഷ ഷാൻബാഗ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.