മസ്കത്ത്: ടൂറിസം മേഖലക്ക് കരുത്തേകുന്ന മത്ര കേബ്ൾ കാര്‍ പദ്ധതി നിര്‍മാണ പ്രവൃത്തികളിലേക്ക് കടക്കുന്നു. റകാഇസ് എന്ന പേരിലുള്ള കമ്പനിയാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേബിള്‍ കാര്‍ യാഥാർഥ്യമാക്കുന്നതിനൊപ്പം പദ്ധതി നടത്തിപ്പ് ചുമതലയും കമ്പനിക്കായിരിക്കും.
ഏകദേശം 12 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്രയുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പദ്ധതി, മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ഏറ്റവും ദൈർഘ്യ മേറിയതാണെന്നാണ് റിപ്പോർട്ട്. മത്ര കോർണിഷിനോട് ചേർന്നുള്ള പദ്ധതി വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് കരുതുന്നത്.
കോർണിഷിലെ ഫിഷ് മാർക്കറ്റ് സ്റ്റാൻഡിൽനിന്നായിരിക്കും കേബ്ൾ കാർ യാത്ര ആരംഭിക്കുക. റിയാം പാർക്കിന് മുന്നിലായിരിക്കും അടുത്ത സ്റ്റോപ്പ്. ഇത് റൈഡർമാർക്ക് വിശ്രമിക്കാനും കാപ്പി പോലുള്ള പാനീയങ്ങൾ കുടിക്കാനുമുള്ള സ്റ്റോപ്പായി പ്രവർത്തിക്കും. പദ്ധതിയുടെ ആകൃതി ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വി’ പോലെയായിരിക്കും.
ഒരാൾക്ക് നാലു മുതൽ ആറു റിയാൽ ചെലവ് വരുമെന്നാണ് കരുതുന്നത്. 34 കേബിൾ കാറുകളായിരിക്കും ഉണ്ടാകുക. കേബിൾ കാർ സംവിധാനങ്ങളുടെ രൂപകൽപന, സർവേ, നിർമാണം എന്നിവയിൽ വിദഗ്ധരാണ് കേസ് ഇൻവെസ്റ്റ്മെന്റ് കമ്പനി. പദ്ധതി പൂർത്തിയാകുന്നതോടെ മത്രയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും ഉണ്ടാകുക. സുൽത്താനേറ്റിലെ ടൂറിസം മേഖലക്ക് പദ്ധതി മികച്ച സംഭാവന നൽകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.
മത്രയുടെ വികസനത്തിന് കുതിപ്പേകുന്ന വിവിധ പദ്ധതികളും അധികൃതർ നടപ്പാക്കാൻ ഒരുങ്ങുന്നുണ്ട്. മത്ര തീരത്ത് വാട്ടര്‍ ടാക്സി സര്‍വിസ്, കഫെ എന്നിവ സ്ഥാപിക്കുന്നതിനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയും പ്രദേശത്തെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.