മസ്കത്ത്: ശൈത്യകാലം ആഗതമായതോടെ വരുംദിവസങ്ങളിൽ സജീവമാകുന്ന ക്യാമ്പിങ്ങിന് മസ്കത്ത് ഗവർറേറ്റ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്ക് കീഴിൽ പ്രകൃതിയെ ആസ്വദിച്ച് ഇഴകിച്ചേരാനുള്ള ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. ഇതിന്റെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിന്റെ വിവിധ ഇടങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഗവർണറേറ്റ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം ക്യാമ്പ് ഒരുക്കേണ്ടത്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കൽ തുടങ്ങിയവ കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
രണ്ട് ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും. എന്നാൽ, പ്രത്യേക അനുമതിയോടെ 48 മണിക്കൂറിലധികം ക്യാമ്പ് നടത്താം. ഇതിനായി നൂറ് റിയാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടി വരും. ഇങ്ങനെ നടത്തുന്ന ക്യാമ്പിന് ഏഴ് രാത്രിവരെ അനുമതി ലഭിച്ചേക്കും. ഇത് പിന്നീട് ദീർഘിപ്പിക്കാനും കഴിയും.
മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ക്യാമ്പ് നടത്താൻ പാടുള്ളൂ. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും 10 മീറ്റർ അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷാ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല. പാര്‍പ്പിട കേന്ദ്രങ്ങളിൽനിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും. ക്യാമ്പിങ്ങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ക്യാമ്പിങ് കാലയളവിൽ സ്ഥലം വൃത്തിയായി സൂക്ഷിക്കണം.
വൃത്തിഹീനമായതും നിലവാരം കുറഞ്ഞതുമായ മൊബൈൽ ടോയ്ലറ്റുകൾ ഉപയോഗിക്കാൻ പാടില്ല. വിളകൾക്കും കാട്ടുചെടികൾക്കും കേടുപാടുകൾ വരുത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. ക്യാമ്പിങ് സ്ഥലത്ത് മാലിന്യം തള്ളാനും കത്തിക്കാനും പാടില്ല. ഹരിത പ്രദേശങ്ങളിലും കടൽത്തീരങ്ങളിലും ബാർബിക്യൂ ചെയ്യുന്നതിന് നിരോധനമുണ്ട്. ഓരോ സൈറ്റിലും മുഴുവന്‍ സമയവും സുരക്ഷാ ഉപകരണങ്ങളും മറ്റും നല്‍കേണ്ടത് ക്യാമ്പിങ് ലൈസൻസ് നേടിയ ആളാണ്. ക്യാമ്പിന് ചുറ്റും വേലികളോ മറയോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിൽ, കാഴ്ചയെ തടസ്സപ്പെടുത്താത്ത താൽക്കാലിക വസ്തുക്കളാൽ നിർമിച്ചത് കൊണ്ടാവണം അത്.
നിരോധിത ആവശ്യങ്ങൾക്ക് ക്യാമ്പോ കാരവനോ ഉപയോഗിക്കാൻ പാടില്ല. രാജ്യത്തെ നിയമങ്ങളും ഉത്തരവുകളും പൊതുമര്യാദകളും പാലിക്കുകയും വേണം. ഇഷ്യൂ ചെയ്ത ലൈസൻസ് നമ്പർ കാരവൻ, ടെന്റ് അല്ലെങ്കിൽ സിറ്റിങ് ഏരിയയുടെ മുൻവശത്തുള്ള ഒരു പ്ലേറ്റിൽ രേഖപ്പെടുത്തണം. കോൺക്രീറ്റോ മറ്റ് നിർമാണ സാമഗ്രികളോ ഒരു ആവശ്യത്തിനും ഉപയോഗിക്കരുത്. സന്ദർശകരെ ശല്യപ്പെടുത്തുന്ന ശബ്ദ ജനറേറ്ററുകളും ഉപയോഗിക്കാൻ പാടില്ല.
കാർ പാർക്കിങ്, പ്രവേശനം, സൈറ്റിൽ നിന്ന് പുറത്തുകടക്കൽ എന്നിവ സംഘടിപ്പിക്കണം. ലൈസൻസ് കൈമാറാനോ ലൈസൻസിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള സ്ഥലത്തിനപ്പുറം മറ്റൊരു സ്ഥലത്തോ ക്യാമ്പിങ് പ്രവർത്തനങ്ങൾ അനുവദിക്കില്ല. ഭാരമേറിയ യന്ത്രങ്ങൾ ഉപയോഗിച്ച് സൈറ്റ് നിരപ്പാക്കരുത്.
ലേസറുകളും മുകളിലേക്ക് പോയിൻ്റിങ് ലൈറ്റുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഉപയോഗ കാലയളവിൽ ക്യാമ്പിങ് സൈറ്റുകൾ വൃത്തിയായി സൂക്ഷിക്കണം. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത മൊബൈൽ വിശ്രമമുറികളും നിരോധിച്ചിട്ടുണ്ട്. ഹരിത ഇടങ്ങളിലും ബീച്ചുകളിലും തീ കത്തിക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നതും ഒഴിവാക്കുക. നിയമങ്ങൾ, തീരുമാനങ്ങൾ, നിയന്ത്രണങ്ങൾ, പൊതു ധാർമികതകൾ എന്നിവ പാലിക്കാൻ ക്യാമ്പങ്ങങ്ങൾ ബാധ്യസ്ഥരാണെന്ന് മസ്കത്ത് ഗവർണറേറ്റ് പ്രസതാവനയിൽ അറിയിച്ചു.
ക്യാമ്പിങ്ങിന് വളരെ സുരക്ഷിതമായ രാജ്യമാണ് ഒമാൻ. സാധാരണയായി ഡിസംബർ മുതൽ മാർച്ചുവരെയാണ് അനുയോജ്യമായ സമയം. കനത്ത ചൂടും മറ്റും കാരണം അധികം ആളുകളും വീടിനുള്ളിൽത്തന്നെയായിരുന്നു കഴിഞ്ഞ മാസങ്ങളിൽ കഴിഞ്ഞിരുന്നത്. എന്നാൽ, വരും ദിവസങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വരുന്നതോടെ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങാൻ തുടങ്ങുകയും ഔട്ട് ഡോർ പ്രവർത്തനങ്ങൾ സജീവമാകുകയും ചെയ്യും. ഇത് ക്യാമ്പിങ് അടക്കമുള്ള ബിസിനസ് മേഖലക്ക് പുത്തനുണർവ് പകരുമെന്ന് സാഹസിക യാത്ര മേഖലയിലുള്ളവർ പറയുന്നു. മൃഗങ്ങളുടെ ഭീഷണിയില്ലാതെ ഏറ്റവും സുരക്ഷിതമായി ക്യാമ്പൊരുക്കാൻ കഴിയുമെന്നുള്ളതും സുൽത്താനേറ്റിന്റെ പ്രത്യേകതയാണ്.
പർവതങ്ങളും മരുഭൂമികളും കടൽത്തീരങ്ങളും അടങ്ങിയ പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായ ഒമാൻ ശൈത്യകാലത്ത് പര്യവേക്ഷണം ചെയ്യാൻ എറ്റവും അനുയോജ്യമായ രാജ്യമാണ്. ക്യാമ്പിങ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തൽ വളരെ പ്രധാനപ്പെട്ട ഘടകമാണ്.
പർവത പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ജബൽ അഖ്ദർ, ജബൽ ശംസ് എന്നിവയാണ് ഒമാനിലെ ക്യാമ്പിങ്ങിനുള്ള പ്രധാന സ്ഥലങ്ങൾ. എന്നാൽ ബീച്ചിൽ മനോഹരമായ രാത്രി ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് റാസൽ ഹദ്ദ്, തെക്ക് സലാല, ദോഫാറിലെ അൽ മുഗ്സൈൽ അല്ലെങ്കിൽ മസിറ ദ്വീപ് എന്നിവ തെരഞ്ഞെടുക്കാവുന്നതാണ്.
മരുഭൂമിയിലാണ് ക്യമ്പിങ് ആഗ്രഹിക്കുന്നതെങ്കിൽ റിമാൽ അൽ ശർഖിയ, റുബുഉൽ ഖാലി എന്നീ പ്രദേശങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. പർവതങ്ങളിൽ ക്യാമ്പ് ചെയ്യുന്നവർ വിറക്, കിടക്കാനുള്ള സൗകര്യവും മറ്റും കരുതേണ്ടതാണ്. ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിൽ ഇവ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.