മസ്കത്ത്: മവേല ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾ മാർക്കറ്റ് ഖസാഇനിലേക്ക് മാറുന്നതോടെ 27 വർഷമായി നടന്നു വരുന്ന മാർക്കറ്റിലെ സുഹൂൽ അൽ ഫൈഹയുടെ ഗ്രാൻഡ് നോമ്പുതുറയും ഓർമയാകുന്നു. 1997ൽ 20 പേരുമായി ആരംഭിച്ച നോമ്പുതുറയിൽ കഴിഞ്ഞ ദിവസം പങ്കെടുത്തത് 3500 ലധികം ആളുകളാണ്. അന്ന് മുതൽ ഇന്നുവരെ റമദാനിലെ മൂന്നാം വെള്ളിയാഴ്ചയാണ് മാവേലയുടെ ഉത്സവംപോലെ നോമ്പുതുറ നടക്കുന്നത്. എന്നാൽ, കോവിഡ് കാലത്ത് രണ്ട് വർഷം നോമ്പുതുറ നടന്നിരുന്നില്ല. രണ്ടാം വർഷം നോമ്പുതുറക്ക് എത്തുന്നവരുടെ എണ്ണം നൂറായി ഉയരുകയും പിന്നീട് വർഷവും പങ്കെടുക്കുന്നവരുടെ എണ്ണം വർധിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷം 3000 പേരാണ് ഇഫ്താറിനെത്തിയത്.
ഏറെ മുന്നൊരുക്കങ്ങളോടെ നടക്കുന്ന നോമ്പുതുറയായതിനാൽ ആയിരങ്ങൾ പങ്കെടുക്കുന്നുണ്ടെങ്കിലും തിരക്കോ അപസ്വരങ്ങളോ കേൾക്കാറില്ല. നോമ്പുതുറ വിഭവം കിട്ടാതെ തിരിച്ചുപോയ അനുഭവവും ഇല്ല. സുഹൂൽ അൽ ഫൈഹ കെ.വി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ അബ്സുൽ വാഹിദ്, അബ്ദുൽ ജബ്ബാർ, അബ്ദുൽ ലത്തീഫ്, കമ്പനി ജീവനക്കാരായ സുമേഷ്, ഹക്കീം, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിൽ 300ലധികം ആളുകൾ കഠിനയത്നം ചെയ്തതാണ് നോമ്പുതുറ ഒരുക്കുന്നത്. ഇഫ്താറിലേക്ക് ആളുകളെ ക്ഷണിക്കുന്നതും ഭക്ഷണം ഒരുക്കുന്നതും പാക്കറ്റുകൾ തയാറാക്കുന്നതും പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞ് പഴവർഗങ്ങൾ മുറിച്ച് ശരിപ്പെടുത്തുന്നതും ആടുമാടുകളെ അറുത്ത് ഭക്ഷണം ഒരുക്കുന്നതും ഈ ടീം തന്നെയാണ്.
ഇഫ്താറിന് ഏറ്റവും ഉയർന്ന ഗുണ നിലവാരമുള്ള പഴവർഗങ്ങളാണ് ഉപയോഗിക്കുന്നത്. ജ്യൂസിനും മറ്റു ഉപയോഗിക്കുന്ന പഴവർഗങ്ങൾ പ്രത്യേകം ഇറക്കുമതി ചെയ്യുന്നതാണ്. കാലത്ത് നാലുമുതൽ നോമ്പുതുറ വിഭവങ്ങൾ ഒരുക്കാൻ തുടങ്ങും.
സാധാരണ പഴവർഗങ്ങൾ കൂടുതൽ സമയം വെച്ചാൽ വേഗം കേടുവരും. അതിനാൽ, മെക്സികോയിൽനിന്ന് പ്രത്യേക തരം അവാകാഡോയും ആസ്ട്രേലിയയിൽനിന്ന് പ്രത്യേക മാങ്ങയും എത്തിച്ചാണ് ജ്യൂസ് തയാറാക്കുന്നത്. ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കുന്ന ഇഫ്താർ വിഭവങ്ങൾ കൊണ്ടും ഒരുക്കങ്ങൾകൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്.
മസ്കത്ത്: മവേല സെൻട്രൽ മാർക്കറ്റിൽ ദിവസവും നടന്നുവരുന്ന നോമ്പുതുറയും വിസ്മൃതിയിലേക്ക്. മാർക്കറ്റിലെ മൂന്ന് കടകൾ കേന്ദ്രീകരിച്ച് നടക്കുന്ന നോമ്പുതുറ നിലക്കുന്നതിൽ ഏറെ വിഷമമുണ്ടെന്ന് കഴിഞ്ഞ 23 വർഷമായി നോമ്പുതുറക്ക് നേതൃത്വം നൽകുന്ന കൊല്ലം സ്വദേശി സുമേഷ് പറഞ്ഞു. അടുത്ത വർഷം ഖസാഇനിൽ സൗകര്യമുണ്ടെങ്കിൽ നോമ്പുതുറക്ക് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സൂഹൂൽ അൽ ഫൈഹയിൽ സീനിയർ മാനേജറായ തനിക്കൊപ്പം സീനിയർ മാനേജറായ രാജേന്ദ്രൻ പിള്ളയും സഹകരിക്കാറുണ്ട്. എല്ലാവർഷവും ഏതാണ്ടെല്ലാ ദിവസവും നോമ്പുതുറയിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ദിവസവും 200 ലധികം പേരാണ് നോമ്പുതുറയിൽ പങ്കെടുക്കുന്നത്.
ഇവർക്ക് പഴവർഗങ്ങൾ, എണ്ണ പൊരികൾ, മോര്, ജ്യൂസ്, തരിക്കഞ്ഞി എന്നിവയും മാർക്കറ്റിൽ തന്നെ നടക്കുന്ന തറാവീഹിൽ പങ്കെടുക്കുന്നവർക്ക് ബിരിയാണി അടക്കമുള്ള കട്ടിയുള്ള ഭക്ഷണങ്ങളും നൽകാറുണ്ട്. പലപ്പോഴും നോമ്പെടുത്തുകൊണ്ടാണ് ഈ നോമ്പുതുറയിൽ പങ്കെടുക്കാറുള്ളത്. മാർക്കറ്റിലെ ജീവനക്കാർക്കും മറ്റും ഒപ്പമിരുന്ന് ഇഫ്താറിൽ പങ്കുചേരുന്നത് മനസ്സിന് കുളിര് നൽകുന്ന അനുഭവമാണെന്നും അതിനാൽ എവിടെയാലും സാധാരണക്കാർക്കും ദൂരെ നിന്നെത്തുന്ന ഡ്രൈവർമാർക്കും മറ്റും ഏറെ അനുഗ്രഹമാകുന്ന നോമ്പുതുറ തുടരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.