മസ്കത്ത്: പ്രവർത്തന നഷ്ടം കുറച്ച് ലാഭത്തിലെത്താൻ വിവിധ പദ്ധതികൾ നടപ്പാക്കാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഒരുങ്ങുന്നു. വിമാനങ്ങളുടെ എണ്ണം 28 ശതമാനം കുറക്കുന്നതിന് ഒപ്പം കോഡ് ഷെയർ ധാരണകൾ വർധിപ്പിക്കാനുമാണ് പദ്ധതി. ഇതുവഴി സർക്കാർ സബ്സിഡി ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഒമാൻ എയർ ചെയർമാൻ മുഹമ്മദ് അൽ ബർവാനി പ്രാദേശിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കോവിഡ് വ്യോമയാന മേഖലയിൽ ഉണ്ടാക്കിയ ആഘാതത്തിെൻറ ഫലമായി ഒമാൻ എയറിെൻറ പ്രവർത്തനങ്ങളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയതായി കഴിഞ്ഞ ജൂലൈയിൽ ചെയർമാനായി നിയമിതനായ അൽ ബർവാനി പറഞ്ഞു. നിലവിൽ 15 മുതൽ 20 ശതമാനംവരെ ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. അമ്പത് വിമാനങ്ങളാണ് കമ്പനിക്ക് ഉള്ളത്. മഹാമാരി പ്രതീക്ഷിച്ചതിലുമധികം നീണ്ടുനിന്നതായി അൽ ബർവാനി പറഞ്ഞു. യൂറോപ്പിലേക്ക് ഇൗ സമയം കൂടുതൽ സർവിസുകൾ നടത്താൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മഹാമാരിയുടെ രണ്ടാം വരവ് പ്രതീക്ഷകളെ തകിടം മറിച്ചതായും ചെയർമാൻ പറഞ്ഞു.
കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നത് വഴി വർഷത്തിെൻറ രണ്ടാം പാദത്തിൽ കൂടുതൽ സർവിസുകൾ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ശേഷിയുടെ 35 ശതമാനം വരെ പ്രവർത്തനം ഉയർത്താൻ കഴിയുമെന്നാണ് കരുതുന്നത്.കൂടുതൽ ലാഭകരമായ യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കും ഇന്ത്യയിലേക്കും തായ്ലൻഡിലേക്കും സർവിസുകൾ നടത്താനാണ് ഒമാൻ എയർ താൽപര്യപ്പെടുന്നത്. എന്നാൽ മഹാമാരിയും അവയുടെ വകഭേദങ്ങളും നിമിത്തം ഇൗ മേഖലകളിൽ ലോക്ഡൗൺ സാഹചര്യമാണുള്ളതെന്നും അൽ ബർവാനി പറഞ്ഞു.
ദേശീയ വിമാനക്കമ്പനി നവീകരിക്കാനുള്ള പദ്ധതികളുമായി പുതിയ മാനേജ്മെൻറ് മുന്നോട്ടുപോവുകയാണ്. മുൻ മാനേജ്മെൻറ് വരുമാനവും പ്രവർത്തന ചെലവും തുല്യമാക്കുന്ന സാഹചര്യത്തിലെത്തിച്ചിരുന്നു. കോവിഡ് അടക്കം മാറിയ സാഹചര്യത്തിൽ 65 മുതൽ 70 വരെ വിമാനങ്ങൾ സ്വന്തമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു.
ഇത് നടപ്പാക്കുന്ന പക്ഷം കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടിവരും. വിമാനങ്ങളുടെ എണ്ണം 36 ആക്കി ചുരുക്കി ഒമാൻ എയറിനെ ചെറിയ കമ്പനിയാക്കി നില നിർത്താനാണ് പദ്ധതിയെന്ന് അൽ ബർവാനി പറഞ്ഞു. അതിഥികൾക്ക് കൂടുതൽ യാത്രസൗകര്യം ഒരുക്കുന്നതിനായി കോഡ് ഷെയർ ധാരണകൾ വിപുലീകരിക്കുകയും ചെയ്യും. രാജ്യത്തെ ടൂറിസം, ട്രാൻസ്പോർട്ട്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളുടെ അനിവാര്യ ഘടകമായ ഒമാൻ എയറിനെ ഏതാനും വർഷങ്ങൾക്കുള്ളിൽ സബ്സിഡി രഹിതമാക്കി ലാഭത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്നും അൽ ബർവാനി പറഞ്ഞു.
സാമ്പത്തികമായി മെച്ചമില്ലാത്ത റൂട്ടുകളിലേക്കുള്ള സർവിസുകൾ നിർത്തിവരുകയാണെന്ന് ചെയർമാൻ പറഞ്ഞു. ഏതൻസ്, ബെയ്റൂത്ത്, മാഞ്ചസ്റ്റർ, കാസബ്ലാങ്ക സർവിസുകളാണ് ഏറ്റവും ഒടുവിൽ ഇങ്ങനെ നിർത്തലാക്കിയത്. കൂടുതൽ റൂട്ടുകളിലേക്കുള്ള സർവിസിന് സലാം എയറുമായി ചേർന്നും പ്രവർത്തിക്കുന്നുണ്ട്. ഒരു ശതകോടി റിയാലിെൻറ ആസ്തിയാണ് ഒമാൻ എയറിന് ഉള്ളത്. മാർക്കറ്റിെൻറ സാഹചര്യമനുസരിച്ച് മാത്രമായിരിക്കും ആസ്തി വിൽപന നടത്തുകയെന്നും അൽ ബർവാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.