മസ്കത്ത്: ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന രാമചന്ദ്രന് നായര്‍ സംവിധാനം ചെയ്ത ‘കർണികാരം’ എന്ന സംഗീത ആല്‍ബത്തിനും ‘മൈ ലിറ്റില്‍ ബ്രദര്‍’ എന്ന ഹ്രസ്വചിത്രത്തിനും തിരുവനന്തപുരം മീഡിയ സിറ്റിയുടെ പുരസ്കാരം. മലപ്പുറം തിരൂര്‍ സ്വദേശിയായ രാമചന്ദ്രന് നായര്‍ കഴിഞ്ഞ 34 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്.
പത്രാധിപര്‍ക്കുള്ള കത്തുകളിലൂടെ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന ഇദ്ദേഹം മനുഷ്യജീവിതത്തെ തൊട്ടറിയുന്ന നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഒരു പ്രവാസി അനുഭവിക്കുന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകളാണ് ‘കർണികാരം’ എന്ന സംഗീത ആല്‍ബത്തിലൂടെ വരച്ചുകാട്ടുന്നത്. പ്രശസ്ത ഗായിക ചിത്രയാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കൈതപ്രം ദീപാങ്കുരനാണ് സംഗീത സംവിധാനം.
പൂര്‍ണമായും ഒമാനില്‍ ചിത്രീകരിച്ച ‘കര്‍ണികാരം’ മികച്ച ആശയത്തിനുള്ള പുരസ്കാരമാണ് നേടിയത്.
ജീവിതം ഏൽപിക്കുന്ന അപ്രതീക്ഷിത ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥത്വത്തിലേക്കു വലിച്ചെറിയപ്പെടുന്ന പെണ്‍കുട്ടി, തനിക്കു കൂട്ടായി മറ്റൊരു അനാഥബാലനെ സഹോദരനായി ദത്തെടുക്കുന്ന കഥ പറയുന്ന ‘മൈ ലിറ്റില്‍ ബ്രദറിന്’ മികച്ച തിരക്കഥക്കുള്ള പുരസ്കാരവും ലഭിച്ചു. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളുടെ കഥ പറയുന്ന ‘സ്മൃതിപഥങ്ങള്‍’ എന്ന രാമചന്ദ്രന് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രവും ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.