മസ്കത്ത്: ഒമാനിലെ കോവിഡ് പോരാളികൾക്ക് മീഡിയവൺ പ്രഖ്യാപിച്ച ബ്രേവ് ഹാർട്ട് പുരസ്കാരം പ്രൗഢമായ ചടങ്ങിൽ വിതരണം ചെയ്തു. റൂവിയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്ന പരിപാടി പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദലി ഗൾഫാർ ഉദ്ഘാടനം ചെയ്തു. 11 കൂട്ടായ്മകളും മൂന്നു വ്യക്തികളുമാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മസ്കത്ത് കെ.എം.സി.സി, കൈരളി ഒമാൻ, പ്രവാസി വെൽഫെയർ ഒമാൻ, ഐ.സി.എഫ് ഒമാൻ, സോഷ്യൽ ഫോറം ഒമാൻ, ഒ.ഐ.സി.സി. ഒമാൻ, മലയാളം വിങ് മസ്കത്ത്, സലാല കെ.എം.സി.സി, സലാല കൈരളി, ഇന്ത്യൻ വെൽഫെയർ ഫോറം സലാല, പി.സി.എഫ് സലാല എന്നീ അസോസിയേഷനുകളുടെ ഭാരവാഹികൾ ഡോ. പി. മുഹമ്മദലി ഗൾഫാറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
വ്യക്തിഗത അവാർഡിന് കോവിഡ് ബാധിച്ച് മരിച്ച ഡോ. രാജേന്ദ്രൻ നായർ, ബ്ലെസ്സി തോമസ്, രമ്യ റജുലാൽ എന്നിവരാണ് അർഹരായത്. ഇവരുടെ ബന്ധുക്കളും പ്രതിനിധികളും ഡോ. പി. മുഹമ്മദലി ഗൾഫാറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സി.എസ്.ആർ പങ്കാളികൾക്കുള്ള മെമന്റോകൾ ഹസ്ലിൻ സലീം (എക്സിക്യൂട്ടിവ് ഡയറക്ടർ, ഗസൽ ഫുഡ്സ് ഒമാൻ), അമീൻ (എം.ഡി, സീ പ്രൈഡ് ഗ്രൂപ്), അവിനാഷ് കുമാർ (ജനറൽ മാനേജർ, അൽ ജദീദ് എക്സ്ചേഞ്ച്), മുസമ്മിൽ യു.കെ. (ഗൾഫ് ടെക് ഡിവിഷനൽ മാനേജർ) തുടങ്ങിയവർ ഡോ. പി. മുഹമ്മദലി ഗൾഫാറിൽനിന്ന് ഏറ്റുവാങ്ങി. മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ സ്വാഗതം പറഞ്ഞു. ഒമാൻ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.ബി. സലിം ആശംസകൾ നേർന്നു. ഈവന്റ് കൺവീനർ ഷക്കീൽ ഹസൻ നന്ദി പറഞ്ഞു. മീഡിയവൺ സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനാണ് പരിപാടി നിയന്ത്രിച്ചത്. കോഓഡിനേറ്റർ കെ.എ. സലാഹുദ്ദീൻ നേതൃത്വം നൽകി. ഡിസംബർ 25ന് ഗതാഗതമന്ത്രി ആന്റണി രാജു, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സംവിധായകൻ കമൽ എന്നിവരാണ് മീഡിയവൺ മിഡ്ൽ ഈസ്റ്റ് അവറിലൂടെ അവാർഡിനർഹരായവരെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.