മസ്കത്ത്: ചികിത്സാ രംഗത്ത് ഉണ്ടാവുന്ന പിഴവുകൾ പരാതിപ്പെടാനും റിപ്പോർട്ടുകൾ പഠിക്കാൻ സംവിധാനവുമായി ആരോഗ്യ മന്ത്രാലയം. ഇതിന് അപേക്ഷകരിൽനിന്ന് 25 റിയാലാണ് ഫീസായി ഈടാക്കുക. പുതിയ ഉത്തരവനുസരിച്ച് ചികിത്സാ പിഴവ് ഉണ്ടായതായി കണ്ടെത്തുകയാണെങ്കിൽ വ്യക്തിക്ക് മന്ത്രാലയം മുഖേന പരാതികൾ സമർപ്പിക്കാവുന്നതാണ്.
എന്നാൽ സമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വരെ ഫീസിൽനിന്ന് ഒഴിവാക്കിയതായും ഉത്തരവിലുണ്ട്. കോടതിയോ മെഡിക്കൽ സുപ്രീം കമ്മിറ്റിയോ ചികിത്സ പിഴവ് ഉണ്ടായതായി കണ്ടെത്തിയാൽ അടച്ച 25 റിയാൽ തിരിച്ച് ലഭിക്കുന്നതാണ്. രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്താനും ചികിത്സാ പിഴവുകൾ കുറക്കാനുമാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്.
ചികിത്സ മേഖലയിലെ അശ്രദ്ധകളും പിഴവുകളും ഒഴിവാക്കാനായി ദേശീയ തലത്തിൽ ഒമാൻ സ്പെഷലൈസ്ഡ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ എല്ലാ ആശുപത്രികളിലും പ്രത്യേക കമ്മിറ്റികളുണ്ട്. ഡോക്ടർമാർക്ക് തെറ്റുകൾ പറ്റാമെന്നും എന്നാൽ ബോധപൂർവ്വമായി ഉണ്ടാക്കുന്നതായി തെളിഞ്ഞാൽ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു. അശ്രദ്ധ കാരണവും മറ്റുമായി രോഗിക്ക് ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ പരാതിക്ക് കാരണമായവർക്കെതിരെ ശക്തമായ നടപടികളെടുക്കും.
ആരോഗ്യ പ്രവർത്തകർ അചഞ്ചലരായി ജോലി ചെയ്യേണ്ടാവരാണ്. അവർ ആരോഗ്യ അംബാസഡർമാരാണ്. മന്ത്രാലയവും ആരോഗ്യ പ്രവർത്തകരും രോഗികളും തമ്മിൽ അടുത്ത ബന്ധം ഉണ്ടാക്കുകയും രോഗികളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ പറയുന്നു. ദേശീയ തലത്തിൽ ചികിത്സാ പിഴവ് ചൂണ്ടിക്കാണിക്കാൻ സമിതികൾ ഉള്ളതിനുപുറമെ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി, സായുധ സേനാ ആശുപത്രി, പൊലീസ് ഹോസ്പിറ്റൽ, ദിവാൻ ഹോസ്പിറ്റൽ എന്നീ ആരോഗ്യ സ്ഥാപനങ്ങളിലും സമിതികൾ നിലവിലുണ്ട്.
ഇത്തരം കമ്മിറ്റികൾ പരാതികൾ കേൾക്കുന്നതിനു പുറമെ വിദേശ രാജ്യങ്ങളിൽ ചികിത്സ ആവശ്യമണോ എന്ന വിഷയവും പരിഗണിക്കും. ഓരോ വർഷവും 100 മുതൽ 120 വരെ ചികിത്സാ പിഴവകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടറാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.