മസ്കത്ത്: ഒമാനിലെ മെലഡി മ്യൂസിക് സെന്റർ 30ാം വാർഷികം ആഘോഷിക്കുന്നു. ഒരു വർഷം നീളുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സ്ഥാപനത്തിൽനിന്നും പഠിച്ചിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെയും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെയും കോർത്തിണക്കുന്ന പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
1993ൽ സ്ഥാപിതമായ മെലഡി മ്യൂസിക് സെന്റർ ഒമാനിലെ ആദ്യ സംഗീതസ്ഥാപനമാണ്. നിലവിൽ മെലഡി മ്യൂസിക് സെന്ററിന്റെ രണ്ട് ശാഖകൾ റൂവിയിലും അൽ ഖുവൈറിലും സ്ഥിതി ചെയ്യുന്നുണ്ട്. 2023 ജൂലൈയിൽ ലണ്ടനിലെ ട്രിനിറ്റി കോളജ് നടത്തിയ മ്യൂസിക് തിയറിയിലും ഡിജിറ്റൽ പ്രാക്ടിക്കൽ പരീക്ഷയിലും മെലഡി മ്യൂസിക് സെന്ററിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പിയാനോ, കീബോർഡ്, വയലിൻ, ഗിറ്റാർ, ഡ്രം കിറ്റ് തുടങ്ങിയ ഉപകരണങ്ങളിൽ വിദ്യാർഥികൾ മികവ് തെളിയിക്കുകയും ചെയ്തു. കോവിഡ് വ്യാപനമുണ്ടായ ശേഷം എട്ട് ഡിജിറ്റൽ പരീക്ഷകൾ സെന്റർ നടത്തിയിട്ടുണ്ട്.
എട്ടാമത് ഡിജിറ്റൽ പ്രാക്ടിക്കൽ, തിയറി പരീക്ഷയെഴുതിയ 72 കുട്ടികളിൽ 48 പേർ ഡിസ്റ്റിങ്ഷനും 17 വിദ്യാർഥികൾ മെറിറ്റും നേടി. എ.ടി.സി.എൽ, എൽ.ടി.സി.എൽ, എഫ്.ടി.സി.എൽ തുടങ്ങിയ ട്രിനിറ്റി ഡിപ്ലോമ പരീക്ഷകൾക്കും മ്യൂസിക് എട്ടാം ഗ്രേഡ് വരെയുള്ള പരീക്ഷകൾക്കും മെലഡി മ്യൂസിക് സെന്റർ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.