മസ്കത്ത്: ഹജ്ജ്, ഉംറ സേവനങ്ങൾ നൽകുന്നതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പരസ്യംചെയ്യുന്ന വ്യാജ അല്ലെങ്കിൽ ലൈസൻസില്ലാത്ത കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി എൻഡോവ്മെന്റ്, മതകാര്യ(മെറ) മന്ത്രാലയം. തീർഥാടകർ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനത്തിലൂടെ ലൈസൻസ് ഉള്ള കമ്പനികളുമായി മാത്രം കരാറിൽ ഏർപ്പെടണമെന്നും അഭ്യർഥിച്ചു. ഈ വർഷം ഒമാനിൽനിന്ന് 13,586 പേരാണ് ഹജ്ജിന് അർഹത നേടിയിട്ടുള്ളത്. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉൾപ്പെടെയാണിത്. ഇതിൽ ഏതാണ്ട് 32.3 ശതമാനം പേർ 46 മുതൽ 60 വയസ്സിനിടയിൽ ഉള്ളവരും 42.4 ശതമാനം പേർ 31-45 വയസ്സുള്ളവരുമാണ്. 20 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. അവസരം ലഭിച്ചവരെ ടെക്സ്റ്റ് സന്ദേശം വഴി വിവരം അറിയിച്ചിട്ടുണ്ട്. അർഹരായവർ http://hajj.om പോർട്ടലിൽ തീർഥാടകർക്കുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 50 ശതമാനം തുക അടച്ച് ഹജ്ജ് കമ്പനികളുമായി കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്മെന്റ് മതകാര്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മദീനയിലേക്ക് വിമാനമാർഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലുമാണ് നിരക്ക്. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ്. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെന്റ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻറ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ) എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഈ വർഷം ഹജ്ജിനായി 34,126 അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്. രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു പൂർത്തിയായത്. അതിൽ 31,064 ഒമാനികളും 3,062 പ്രവാസികളും ഉൾപ്പെടും. ഒക്ടോബർ 22ന് ആയിരുന്നു രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിരുന്നത്. ഈവർഷം ഹജ്ജിനായി അപേക്ഷിച്ചവരിൽ 2.5 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.