മസ്കത്ത്: ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള മീറ്റർ സംവിധാനം ഉടൻ ഏർപ്പെടുത്തും. ഓറഞ്ചും വെള്ളയും നിറത്തിലുള്ള ടാക്സികൾക്ക് മീറ്റർ സംവിധാനം ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും വരും മാസങ്ങളിൽ ഇത് നിലവിൽവരുമെന്നും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇത് ടാക്സി, ഉബർ, മുവാസലാത്ത് ടാക്സി, എയർപോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് ബാധകമായിരിക്കില്ല. മീറ്റർ ടാക്സികൾ എന്ന ആശയത്തിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. നിരവധിതവണ ഇതുസംബന്ധമായ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഒമാനിലെ ഭൂപ്രകൃതിയടക്കം നിരവധി കാരണങ്ങളാൽ മീറ്റർ സംവിധാനം നടപ്പായിരുന്നില്ല.
മീറ്റർ ടാക്സികൾ സംബന്ധമായ വ്യക്തമായ ചിത്രം നിലവിൽ വന്നിട്ടില്ലെങ്കിലും ഡ്രൈവർമാരിലും യാത്രക്കാരിലും നിരവധി ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ടാക്സി യാത്രക്കാരിൽ ബഹുഭൂരിപക്ഷവും ലൈൻ ടാക്സികളിലാണ് യാത്രചെയ്യുന്നത്. ലൈൻ ടാക്സികളിൽ യാത്രചെയ്യുന്നത് താരതമ്യേന ചെലവും കുറഞ്ഞതാണ്. അടുത്തിടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഡ്രൈവർമാർക്കും ഇതുവഴി മോശമല്ലാത്ത വരുമാനം ഉണ്ടാവുന്നുണ്ട്. ചുരുങ്ങിയത് 200, 300 ബൈസക്ക് അധികം ദൈർഘ്യമില്ലാത്ത ദൂരങ്ങൾ യാത്രചെയ്യാൻ കഴിയുന്നതാണ് ഈ സംവിധാനം. യാത്രക്കാരുടെ ലഭ്യത അനുസരിച്ചാണ് ലൈൻ ടാക്സികൾ ഓടുന്നതെങ്കിലും ദീർഘദൂര യാത്രക്കാർക്കുപോലും വലിയ ചെലവില്ലാതെ യാത്രചെയ്യാൻ കഴിയുന്നതാണിത്. എന്നാൽ, മീറ്റർ ടാക്സി നിലവിൽവരുന്നതോടെ ലൈൻ ടാക്സികൾ നിലക്കുമോ എന്നാണ് കുറഞ്ഞ വരുമാനക്കാരായ യാത്രക്കാർ ആശങ്കിക്കുന്നത്. ഇത്തരം ടാക്സികളിൽ മീറ്ററുകൾ ഘടിപ്പിക്കുന്നതോടെ നിരക്കും ഒരുപാട് മടങ്ങ് വർധിക്കുമെന്നും അവർ ഭയക്കുന്നു.
നിലവിൽ റൂവിയിൽ അൽ ഖുവൈറിലേക്ക് 400 ബൈസയാണ് ടാക്സികൾ ഈടാക്കുന്നത്. മീറ്റർ നിലവിൽ വരുന്നതോടെ നിരക്കുകൾ മൂന്നും നാലും റിയാലായി ഉയരുമെന്നും ഭയക്കുന്നു. നിരക്കുകൾ വർധിക്കുന്നത് കുറഞ്ഞ വരുമാനക്കാരായ യാത്രക്കാർക്ക് വൻ ബാധ്യതയായി മാറുകയും പലരും ചെറിയ ടാക്സികളെ ഒഴിവാക്കാനും സാധ്യതയുണ്ട്. ഇത്തരം യാത്രക്കാർ ബസ് സർവിസുകളെയാണ് പിന്നീട് ആശ്രയിക്കുക. യാത്രക്കാർ വർധിക്കുന്നതോടെ ബസുകളിലും തിരക്ക് വർധിക്കും. നിലവിൽ വ്യവസ്ഥാപിതമായി നടത്താൻ തുടങ്ങിയതോടെ ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കുകൾ വർധിക്കുന്നതോടെ മുവാസലാത്ത് ബസുകളുടെ എണ്ണവും വർധിപ്പിക്കേണ്ടിവരും. റൂവി ബസ്സ്റ്റാൻഡിലും സൗകര്യങ്ങൾ ഉയർത്തേണ്ടിവരും. നിലവിൽ റുവി ബസ്സ്റ്റാൻഡിൽ സ്ഥലപരിമിതി അനുഭവപ്പെടുന്നുണ്ട്. ഏതായാലും മീറ്റർ ടാക്സികൾ സംബന്ധമായ വ്യക്തമായ വിവരങ്ങൾ ഇവ നിലവിൽ വരുന്നതോടെയാണ് അറിയാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.