മസ്കത്ത്: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ദോഹയിൽ കൂടിക്കാഴ്ച നടത്തി. ലുസൈൽ പാലസിൽ ദീ യസിന് ഊഷ്മള വരവേൽപാണ് ഖത്തർ അമീർ നൽകിയത്.
കൂടിക്കാഴ്ചയിൽ, സയ്യിദ് ദി യസീൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ കൈമാറി. ഖത്തറിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള സുൽത്താന്റെ ആശംസകളും അദ്ദേഹം അറിയിച്ചു. സുൽത്താനോടുള്ള തന്റെ ആശംസകൾ ദീ യസിനെ അമീറും അറിയിച്ചു. ഒമാനി ജനങ്ങൾക്ക് കൂടുതൽ വികസനവും വളർച്ചയും ആശംസിച്ചു.
സൗഹാർദപരമായ സംഭാഷണങ്ങൾ കൈമാറുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ ശക്തമായ ബന്ധം വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, അമീരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി, ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദി, ഖത്തറിലെ ഒമാൻ അംബാസഡർ അമ്മാർ ബിൻ അബ്ദുല്ല അൽ ബുസൈദി, മുതിർന്ന ഖത്തർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.