മസ്കത്ത്: ഉച്ചവിശ്രമ നിയമം കമ്പനികളും സ്ഥാപനങ്ങളും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി പരിശോധനയുമായി തൊഴിൽ മന്ത്രാലയം. ദാഖിലിയ ഗവർണറേറ്റിലെ സമൈൽ വിലായത്തിൽ ചില സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ സമൈൽ ലേബർ ഡിപ്പാർട്ട്മെന്റ് അധികൃതർ പരിശോധന നടത്തി. പുറത്തു ജോലിയിലേർപ്പെട്ടിരിക്കുന്നവർക്ക് എത്രത്തോളും മുൻ കരുതലുകളും സുരക്ഷയും ഏർപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിരുന്നു പരിശോധന കാമ്പയിൻ.
കത്തുന്ന ചൂടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം എല്ലാവർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള ശനിയാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്തു ജോലിയെടുക്കുന്ന തൊഴിളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്.
തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യവേനലവധി നൽകുന്നത്. ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി. 500റിയാലിൽ കുറയാത്തതും 1000 റിയാലിൽ കൂടാത്തതുമായ പിഴയും ചുമത്തും.
തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് അധികൃതർ അറിയച്ചിട്ടുണ്ട്.
ഉച്ചസമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 118ലെ വ്യവസ്ഥകളനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോയെന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.