മസ്കത്ത്: നിസ് വ മാർക്കറ്റിൽ വെള്ളം കയറി നാശനഷ്ടങ്ങൾ നേരിട്ട വ്യക്തികൾക്കും കച്ചവടക്കാർക്കും നാമ വാട്ടർ സർവിസസ് അധികൃതർ നഷ്ടപരിഹാരം വിതരണം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിസ്വ മലിനജല ശുദ്ധീകരണ പ്ലാന്റിലെ ശുദ്ധീകരിച്ച ജലശേഖരണ ബേസിൻ ഭാഗികമായി തകർന്ന് മാർക്കറ്റിൽ വെളളം കയറിയത്. അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ കച്ചവടക്കാർക്കും വ്യാപാരികൾക്കും നാശനഷ്ടങ്ങൾ നേരിടേണ്ടിവന്നു. ശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട കക്ഷികൾ ഉൾപ്പെടുന്ന ഒരു സംയുക്ത കമ്മിറ്റി രൂപവത്കരിച്ചിരുന്നു. കമ്മിറ്റി അംഗങ്ങൾ കച്ചവടക്കാരെയും മറ്റും നേരിൽ കണ്ടാണ് ന്യായമായ നഷ്ടപരിഹാരങ്ങൾ ഉറപ്പുവരുത്തിയത്. പ്രശ്നം കാര്യക്ഷമമായി പരിഹരിക്കുന്നതിൽ കാണിച്ച സമർപ്പിത പരിശ്രമത്തിനും പ്രഫഷണലിസത്തിനും ദാഖിലിയ ഗവർണറുടെ ഓഫിസിനും സംയുക്ത കമ്മിറ്റി അംഗങ്ങൾക്കും നാമ വാട്ടർ സർവിസസ് നന്ദി അറിയിച്ചു. പ്രക്രിയയിലുടനീളം സഹകരണത്തിനും മനസ്സിലാക്കലിനും നിസ്വയിലെ ജനങ്ങൾക്കും സ്വാധീനിക്കപ്പെട്ട വെണ്ടർമാർക്കും കമ്പനി നന്ദി പറഞ്ഞു.
ഗവർണറുടെ ഓഫിസ്, നിസ് വ മുനിസിപ്പാലിറ്റി, നിസ്വ മാർക്കറ്റ് അഡ്മിനിസ്ട്രേഷൻ, ഒമാൻ ചേംബർ എന്നിവയുടെ ഏകോപനത്തിൽ ആയിരുന്നു നാശനഷ്ടങ്ങൾ വിലയിരുത്താനുള്ള കമ്മിറ്റി പ്രവർത്തിച്ചിരുന്നത്.
2008ൽ സ്ഥാപിതമായ നിസ്വയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ പ്രതിദിനം 11,000 ക്യുബിക് മീറ്ററാണ് ലഭിക്കുന്നതെന്നും മികച്ച അന്താരാഷ്ട്രരീതികൾക്ക് അനുസൃതമായി ഉയർന്ന ശുദ്ധിയോടെ ട്രിപ്പിൾ ജലം സംസ്കരിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നും നാമ അധികൃതർ വ്യക്തമാക്കി. കുളത്തിലെ ഫീഡർ ട്യൂബ് പൊട്ടി വെള്ളം വാദി കൽബുവിലേക്ക് ഒഴുകിയതാണ് വെള്ളപൊക്കത്തിനിടയാക്കിയതെന്ന് ‘നാമ’ വാട്ടർ സർവിസസ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ക്ഷമാപണം നടത്തിയ ‘നാമ’, സാഹചര്യം നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായും ഫീൽഡ് ടീമുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.