മസ്കത്ത്: ഡെങ്കിപ്പനിയടക്കമുള്ള പകർച്ച വ്യാധികൾക്ക് കാരണമാകുന്ന ഈഡിസ് കൊതുകിനെ തുരത്താൻ പ്രചാരണ കാമ്പയിനുമായി മുസന്ദം മുനിസിപ്പാലിറ്റി. ഗവർണറേറ്റിലെ ആരോഗ്യകാര്യ വകുപ്പും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവിസസിന്റെയും സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഡെങ്കിപ്പനി, സിക്ക വൈറസ്, ചികുൻഗുനിയ തുടങ്ങിയ ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ വ്യാപനം തടയുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഈഡിസ് കൊതുകിന്റെ സാന്നിധ്യം ഇല്ലാതാക്കാൻ മുസന്ദം മുനിസിപ്പാലിറ്റി മുനിസിപ്പൽ പ്രിവന്റിവ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽനിന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഫീൽഡ് സർവേ ടീമിൽ നിന്നും ഒരു പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഗവർണറേറ്റിലുടനീളമുള്ള വിവിധ പ്രദേശങ്ങളിലെയും പാർപ്പിട പരിസരങ്ങളിലെയും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ ഇവർ പ്രയത്നിക്കും.
ഈഡിസ് കൊതുകുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും കൊതുക് പരത്തുന്ന രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുകയും കാമ്പയിനിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വിവിധ മാധ്യമങ്ങളിലൂടെ കൊതുകിന്റെ പ്രജനന ശീലങ്ങളെ കുറിച്ച് ജനങ്ങൾക്ക് വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. വൃത്തിയും ആരോഗ്യവുമുള്ള ചുറ്റുപാടുകൾ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും കൊതുകുകടി ഒഴിവാക്കുന്നതിനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു.
കാമ്പയിനിന്റെ ഫലപ്രാപ്തി ഉറപ്പാക്കാൻ മുസന്ദം മുനിസിപ്പാലിറ്റിയുടെ ബന്ധപ്പെട്ട വകുപ്പ് ശക്തമായ നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കെട്ടിനിൽക്കുന്ന ജലാശയങ്ങളും വലിച്ചെറിഞ്ഞ പാത്രങ്ങളും ഉൾപ്പെടെ, പ്രജനന സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് പതിവായി പരിശോധനകൾ നടത്തും. ആരോഗ്യ മന്ത്രാലയവുമായുള്ള സഹകരണവും ഈ ഉദ്യമത്തിൽ നിർണായകമായിട്ടുണ്ട്. പതിവുരോഗ നിരീക്ഷണം നടത്തുന്നതിന് മന്ത്രാലയവുമായി കൈകോർത്ത് മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നുണ്ട്. ഫലപ്രദമായി തുരത്താനായി വിവിധ ഇടങ്ങളിൽ കൊതുക് നശീകരണികളും തളിക്കുന്നുണ്ട്. വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതിനും കൊതുക് പ്രജനന കേന്ദ്രങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി വേഗത്തിലുള്ള മാലിന്യ നീക്കവും കളകളുടെ വളർച്ച ഇല്ലാതാക്കലും നടപ്പിലാക്കിയിട്ടുണ്ട്. പൊതുജന ബോധവത്കരണ കാമ്പയിനുകൾ, സംയോജിത കീടനിയന്ത്രണ തന്ത്രങ്ങൾ, ജാഗ്രതയോടെയുള്ള നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സമീപനത്തോടെ കെതുകുകളെ ഇല്ലാതാക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.