മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ സാമൂഹിക വികസന പദ്ധതികൾക്കായി നിരവധി കരാറുകളിൽ അധികൃതർ ഒപ്പുവെച്ചു. കെ.ആർ.ഇ.ശ്രാഖ ഫൗണ്ടേഷനുമായി സഹകരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, കായികം, സാമൂഹിക വികസനം തുടങ്ങി വിവിധ മേഖലകളിലാണ് കരാറുകളിലെത്തിയിരിക്കുന്നത്.
മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലാണ് ഒപ്പിടൽച്ചടങ്ങ് നടന്നത്. ലിമയിലെ ഹംസ ബിൻ അബ്ദുൽ മുത്തലിബ് സ്കൂളിൽ സ്പോർട്സ് ഫീൽഡ് ഒരുക്കുന്നതും മുസന്ദം ബേയ്സിക്ക് സ്കൂളിൽ മൾട്ടിപർപ്പസ് ഹാൾ സജ്ജീകരിക്കുന്നതും ഉൾപ്പെടുന്നതാണ് ഗവർണറേറ്റിലെ വിദ്യാഭ്യാസ മേഖലയെ പിന്തുണക്കുന്നതിനുള്ള കരാറുകളിൽ ഉൾപ്പെടുന്നതെന്ന് മുസന്ദം ഗവർണറുടെ ഓഫിസ് മേധാവി മുബാറക് ബിൻ അലി അൽ റഹ്ബി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഖസബ്, മദ്ഹയിലെയും വിലായത്തുകളിലെ എല്ലാ സ്കൂളുകൾക്കും ഇന്ററാക്ടീവ് സ്ക്രീനുകളും ഗവർണറേറ്റിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പരിപാടികൾക്കുമായി മൊബൈൽ ഇലക്ട്രോണിക് ഡിസ്പ്ലേ സ്ക്രീനുകളും നൽകും. ഖസബ് ഹോസ്പിറ്റൽ, ബുഖാ ഹോസ്പിറ്റൽ, ദിബ്ബ ഹോസ്പിറ്റൽ, ഖസബ് ഹെൽത്ത് കോംപ്ലക്സ്, ലിമ ഹെൽത്ത് സെന്റർ, കുംസാർ ഹെൽത്ത് സെൻറർ എന്നിങ്ങനെ ആറ് ആരോഗ്യ യൂനിറ്റുകൾക്ക് വിവിധ തരത്തിലുള്ള 97 മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനുള്ള കരാറുകളിലാണ് ആരോഗ്യ മേഖലയിൽ ഒപ്പിട്ടത്.
സാമൂഹിക വികസന മേഖലയിൽ, ഖസബിലെ വികലാംഗരുടെ പുനരധിവാസത്തിനായുള്ള അൽ വഫ കേന്ദ്രത്തെ പിന്തുണക്കുന്നതിനും ധാരണയായി. ഇലക്ട്രോണിക് ഉപകരണങ്ങൾ ലഭ്യമാക്കി ഗവർണറേറ്റിൽ ഒമാനി വിമൻസ് അസോസിയേഷൻ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മറ്റൊരു കരാർ. സാമൂഹിക വികസന മേഖലയിൽ നിർധന കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ വിതരണം ചെയ്യുന്നതിനും കരാറിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.