മസ്കത്ത്: മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരങ്ങൾ കൈമാറി. മസ്ക്കത്ത് മിഡിലീസ്റ്റ് കോളജിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്കൂളിൽനിന്ന് കഴിഞ്ഞ പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ 450 ലേറെ വിദ്യാർഥികളെ ആദരിച്ചു. മിഡിലീസ്റ്റ് കോളജിന്റെ നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയത്തിനെ സാക്ഷിയാക്കി ഉന്നത വിജയം നേടിയ വിദ്യാർഥികൾ മീഡിയവണിന്റെ ആദരം ഏറ്റുവാങ്ങി.
ഒമാൻ തൊഴിൽ മന്ത്രാലയം ഉപദേശകൻ ഡോ. സൈഫ് മുഹമ്മദ് അബ്ദുല്ല അൽ ബുസൈദി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.
ഒമാൻ ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടർ ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, മിഡിലീസ്റ്റ് കോളജ് ഡയറക്ടർ ഓഫ് ഗ്രോത്ത് ആന്റ്രൂ ബ്ലാക്കി, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, മീഡിയവൺ അഡ്വൈസറി ബോർഡ് അംഗങ്ങൾ, ഇന്ത്യൻ സ്കൂളിലെ പ്രിൻസിപ്പിൾമാർ തുടങ്ങിയവർ വിദ്യാർഥികൾക്ക് പുരസ്കാരം കൈമാറി.
നാട്ടിലെ വിദ്യാർഥികൾക്ക് വിവിധ പുരസ്കാരങ്ങൾ കിട്ടുമ്പോൾ ഇവിടെയും അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നും കുട്ടികളുടെ പഠന മികവിനെ അംഗീകരിക്കുകയും അവരെ ആദരിക്കാൻ മുന്നോട്ടു വന്ന മീഡിയവണിനും രക്ഷിതാക്കൾ നന്ദി പറഞ്ഞു.
കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിജയത്തിന് ഒരു അംഗീകാരം കിട്ടുമ്പോൾ വലിയ സന്തോഷമുണ്ടെന്നും ഈ നിമിഷത്തിൽ തങ്ങളെ ഓർത്ത് രക്ഷിതാക്കൾ അഭിമാനിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
ഇങ്ങനെയുള്ള ചടങ്ങുകൾ, കൂടുതൽ പഠിക്കാനും മുന്നോട്ട് കുതിക്കാനും വലിയ പ്രചോദനമാണെന്നും വിദ്യാർഥികൾ പറഞ്ഞു. സലാലയിലും മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പുരസ്കാര വിതരണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.