മസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷ രാവുകൾ സമ്മാനിച്ച് വീണ്ടും മസ്കത്ത് ഫെസ്റ്റിവൽ വരുന്നു. ഡിസംബർ 23 മുതൽ ജനുവരി 21 വരെയുള്ള കാലയളവിലായിരിക്കും മസ്കത്ത് നൈറ്റ് ഫെസ്റ്റിവൽ നടക്കുക.
മസ്കത്ത് ഗവർണറേറ്റിലെ പൊതു, പ്രധാന റോഡുകളിലെ ലൈറ്റിങ് തൂണുകളിലും മറ്റു പ്രൊമോഷനൽ ബിൽബോർഡുകളിലും ബാനറുകളിലും പരസ്യങ്ങളും മറ്റും സ്ഥാപിക്കുന്നതിനായി കമ്പനികളിൽനിന്ന് കരാർ ക്ഷണിക്കുന്നതിനിടെയാണ് മുനിസിപ്പാലിറ്റി തീയതി വെളിപ്പെടുത്തിയത്. ടെൻഡർ രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 13 ആണ്. ബിഡ് ഒക്ടോബർ 20 ന് തുറക്കും.
മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിൽ കോമിക് ബുക്കുകൾ, ഗെയിമുകൾ, സിനിമകൾ തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളുടെ പ്രദർശനങ്ങൾ ഉൾപ്പെടുത്തുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സിനിമ, സാഹിത്യം, ചലച്ചിത്ര നിർമ്മാണം എന്നീ മേഖലകളിൽനിന്നുള്ള ഒരുകൂട്ടം സെലിബ്രിറ്റികളും ഫെസ്റ്റിവലിന്റെ ഭാഗമാകും.
ഗെയിമിങ് പ്ലാറ്റ്ഫോമുകൾ, ബോർഡ് ഗെയിമുകൾ, മത്സര റൗണ്ടുകൾ എന്നിവ ഉണ്ടാകും. ഡിജിറ്റൽ ആർട്ട് എക്സിബിഷനുകൾ, ലൈവ് ഡ്രോയിങുകൾ, കോമിക് ബുക്ക് സാഹിത്യത്തെയും വിവിധ ജനപ്രിയ സംസ്കാരങ്ങളെയുംക്കുറിച്ചുള്ള വിദ്യാഭ്യാസ പ്രഭാഷണങ്ങൾ എന്നിവയും ഇവന്റിൽ പ്രദർശിപ്പിക്കും.
1998ൽ ആരംഭിച്ച മസ്കത്ത് ഫെസ്റ്റിവൽ, സ്കൂൾ അവധിക്കാലത്ത് കുട്ടികൾക്ക് ആഘോഷമാക്കി മാറ്റാനുള്ള ഒരു ഇടമായിട്ടാണ് രൂപകൽപന ചെയ്തിരുന്നത്. എന്നാൽ, കാലക്രമേണ അത് എല്ലാ വിഭാങ്ങൾക്കും ആസ്വദിക്കാവുന്ന പരിപാടിയായി മാറുകയായിരുന്നു. ഫെസ്റ്റിവൽ കാലത്ത് ഖുർം.... നാച്ചുറൽ പാർക്കിൽ ഡ്രോൺ ഷോകളും ഇവന്റുകളും സംഘടിപ്പിക്കാൻ മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.