മസ്കത്ത്: ഡിജിറ്റൽ കാലഘട്ടത്തിലും അച്ചടി പുസ്തകങ്ങളുടെ പ്രാധാന്യം അടിവരയിട്ട് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 28ാമത് പതിപ്പിന് തിരശ്ശീല വീണു.
കഴിഞ്ഞ 11 ദിനരാത്രങ്ങളിലും അക്ഷര പ്രേമികൾകൊണ്ട് സമ്പന്നമായിരുന്നു ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ പുസ്തക നഗരി. സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ദിനേനേ ആയിരക്കണക്കിനാളുകളാണ് ഇവിടേക്ക് ഒഴുകിയത്. വാരാന്ത്യദിനങ്ങളിൽ പലപ്പോഴും തിരക്കുകൊണ്ട് വീർപ്പുമുട്ടുകയും ചെയ്തു. വിവിധ പവിലിയനുകളിൽ സാംസ്കാരിക, വിനോദ പരിപാടികളും അരങ്ങേറി. ഫലസ്തീൻ അടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളും നടന്നു.
34 രാജ്യങ്ങളിൽനിന്നായി 847 പ്രസാധക സ്ഥാപനങ്ങളായിരുന്നു പങ്കെടുത്തിരുന്നത്. ദാഹിറയായിരുന്നു ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. ദാഹിറയുടെ ബൗദ്ധിക സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്ന പ്രത്യേക പവലിയനും പരിപാടികളും സന്ദർശകരെ ആകർഷിക്കുന്നതായി. മേളയിലെത്തുന്ന സന്ദർശകരെ വഴികാട്ടാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടുകളും ത്രീഡി മാപ്പും ഒരുക്കിയിരുന്നു. ഇത് പവിലിയനിൽ എത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായി. നിരവധി പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
6,22,000 തലക്കെട്ടുകളിലായി അറബിയിൽ 2,68,000, വിദേശ ഭാഷയിൽ 20,000 പുസ്തകങ്ങളുമാണ് വായനക്കാർക്കായി സജ്ജീകരിച്ചിരുന്നത്. ’സംസ്കാരത്തിലും പുസ്തക പ്രസിദ്ധീകരണത്തിലും നിർമിത ബുദ്ധിയുടെ (എ.ഐ) സ്വാധീനം’ എന്നതായിരുന്നു ഈ വർഷത്തെ മേളയുടെ പ്രതിപാദവിഷയം. മലയാള പുസ്തകങ്ങളുമായി ഡി.സി ബുക്സും അൽബാജ് ബുക്സും മേളയിലുണ്ടായിരുന്നു. സമാപന ദിവസമായ ശനിയാഴ്ച നല്ല തിരക്കായിരുന്നു സ്റ്റാളുകളിൽ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.