മസ്കത്ത്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒമാനിലെ ആദ്യ ദേവാലയമായ മാർ ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം റുവി സെന്റ് തോമസ് ചർച്ചിൽ വൈകീട്ട് വിശുദ്ധ കുർബാനക്കുശേഷം നടത്തുന്ന സമ്മേളനത്തിൽ അഹ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് നിർവഹിക്കും. സി.എസ്.ഐ മധ്യകേരള ഭദ്രാസന ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും. സുവർണ ജൂബിലി ലോഗോ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും. 1972ൽ ആരംഭിച്ച മാതൃദേവാലയത്തിൽനിന്ന് പിൽക്കാലത്ത് സലാല, സോഹാർ, ഗാലാ എന്നിവിടങ്ങളിലും ഇടവകകൾ രൂപവത്കരിച്ചു.
തുടക്കത്തിൽ അമ്പതിൽ താഴെ മാത്രം അംഗങ്ങളുണ്ടായിരുന്നിടത്ത് ഇന്ന് ആയിരത്തിലധികം അംഗങ്ങളുള്ള സഭയിലെതന്നെ വലിയ ദേവാലയങ്ങളിലൊന്നാണ് മസ്കത്ത് മഹാ ഇടവക. ആരാധനകളും ആത്മീയ ശുശ്രൂഷകളും നടത്തുന്നതിനൊപ്പം ആരംഭകാലം മുതൽ എല്ലാ വിഭാഗം ജനങ്ങൾക്കുമായി നടപ്പാക്കിവരുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾ ഏറെ ശ്രദ്ധേയമാണ്. റുവി ചർച്ച് കോംപ്ലക്സിൽ ഓഫിസ്, പാഴ്സനേജ്, മൾട്ടിപർപ്പസ് ഹാൾ എന്നിവയുൾപ്പെടുന്ന ബഹുനില മന്ദിരം, ആരാധനക്കായി ഒമാൻ മാർത്തോമ്മ സഭയുമായി സഹകരിച്ച് നിർമിച്ച സെന്റ് തോമസ് ദേവാലയം, പിതാക്കന്മാരുടെ തിരുശേഷിപ്പ് പ്രതിഷ്ഠ തുടങ്ങി അമ്പതാണ്ടുകളിൽ നിർണായകമായ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ ഇടവകക്ക് സാധിച്ചിട്ടുണ്ടെന്ന് വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് പറഞ്ഞു.
വിശുദ്ധ കുർബാനയിലും തുടർന്നു നടക്കുന്ന സമ്മേളനത്തിലും വിശ്വാസികൾ നേരിട്ട് പങ്കെടുക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായി ക്രമീകരിച്ചിട്ടുണ്ട്. ഇടവകയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സുവർണ ജൂബിലി ആഘോഷ സമിതി ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, ജനറൽ കൺവീനർ ഏബ്രഹാം മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.