മസ്കത്ത്: പ്രശസ്തമായ ഒമാൻ ബൊട്ടാണിക് ഗാർഡൻ തുറക്കാനിരിക്കെ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിന് പദ്ധതിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. മസ്കത്ത് എക്സ്പ്രസ്വേയിൽ നിന്ന് അൽഖൂദിലെ ബൊട്ടാണിക് ഗാർഡൻ വരെ ഓരോ ദിശയിലും രണ്ട് പാതകളുള്ള ഇരട്ട കാര്യേജ്വേ നിർമിക്കാനാണ് മുനിസിപ്പാലിറ്റി ആലോചിക്കുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത കണക്കിലെടുത്ത് എല്ലാവിധ സുരക്ഷാ നടപടികളോടുംകൂടിയായിരിക്കും റോഡിന്റെ നിർമാണം.
നിലവിൽ മസ്കത്ത് എക്സ്പ്രസ്വേയിൽനിന്ന് പഴയ അൽഖൂദ് പ്രദേശത്തേക്ക് ഒരൊറ്റ റോഡുണ്ട്. എന്നാൽ, മഴയുടെ സമയത്ത് മണ്ണിടിച്ചിലും വാദികളുടെ ഒഴുക്കും ഇവിടെ സംഭവിക്കാറുണ്ട്. പ്രതികൂല കാലാവസ്ഥയിൽനിന്ന് സംരക്ഷിക്കുന്നതിനായി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള എൻജിനീയറിങ്, സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പുതിയ റോഡ് നിർമിക്കുക. ലോകത്തിൽതന്നെ ഇത്തരത്തിലുള്ള ഒന്നായിരിക്കും ഈ പാത. 14 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിക്കുന്നത്. ഓരോ ട്രാക്കിനും 3,651 മീറ്റർ വീതിയുണ്ടായിരിക്കും. പുതിയ റോഡിനോടുചേർന്ന് 800 മീറ്റർ നീളത്തിലും ഒന്നര മീറ്റർ വീതിയിലും ഇരുവശങ്ങളിലും നടപ്പാതയുണ്ടാകും. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യവും ഉണ്ടാകും. ഒമാൻ ബൊട്ടാണിക് ഗാർഡൻ പദ്ധതി ഏകദേശം 75 ശതമാനം പൂർത്തിയായിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ഇത് പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ പ്രധാന ആകർഷണങ്ങളിൽ കേബിൾ കാറുകളും ഉൾപ്പെടുമെന്ന് പൈതൃക-ടൂറിസം മന്ത്രി സലേം അൽ മഹ്റൂഖി പറഞ്ഞു.
സീബ് വിലായത്തിലെ അൽ ഖൂദ് ഏരിയയിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. ഒമാനിന്റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിരഭാവി ഒരുക്കുന്നതിനൊപ്പം ജൈവസമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബോട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിസ്ഥിതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ബോട്ടാണിക് ഗാർഡൻ നിർമിക്കുന്നത്. ഗാർഡൻ തുറക്കുന്നതോടെ ഇവിടേക്കും പുറത്തേക്കുമുള്ള ഗതാഗതം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ റസിഡൻഷ്യൽ ഏരിയയിൽനിന്ന് ദൂരെയാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നഴ്സറി, സന്ദർശക കേന്ദ്രം, ഗവേഷണ കേന്ദ്രം, ഫീൽഡ് സ്റ്റഡി സെന്റർ, ഔട്ട്ഡോർ എൻവയോൺമെന്റ് സെന്റർ, നോർതേൺ മൗണ്ടൻസ് ഇൻഡോർ എൻവയോൺമെന്റ്, സതേൺ മൗണ്ടൻസ് ഇൻഡോർ എൻവയോൺമെന്റ്, എജുക്കേഷൻ പാർക്ക് എന്നിവയാണ് ബോട്ടാണിക് ഗാർഡനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനുപുറമെ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും. വിത്തുകളുടെ സംഭരണകേന്ദ്രമാണ് മറ്റൊരു പ്രത്യേകത. ഒമാനിലെ ഏറ്റവും വലിയ വിത്ത് സംഭരണകേന്ദ്രമായിരിക്കും ഇത്.
വംശനാശം നേരിടുന്ന ചെടികളുടെ വിത്തുകൾ കാലങ്ങളോളം ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം വിത്ത് സംഭരണകേന്ദ്രത്തിലൊരുക്കും. ഒമാന്റെ തനത് സസ്യവൈവിധ്യങ്ങളെ കണ്ടെത്തി, കൃഷി ചെയ്ത്, സംരക്ഷിക്കുന്നതും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നിർമാണം പൂർത്തിയാകുന്നതോടെ എല്ലാ സീസണിലും സന്ദർശകരെത്തുന്ന ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബോട്ടാണിക് ഗാർഡൻ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.