മസ്കത്ത്: അടുത്തിടെ പുനരാംഭിച്ച മുവാസലാത്തിന്റെ മസ്കത്ത്-അബൂദബി ബസ് സർവിസിന് പ്രിയമേറുന്നു. രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് ഈ റൂട്ടിൽ ബസ് യാത്ര നടത്തിയത്. സർവിസ് ആരംഭിച്ച ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 5000 ആളുകൾ നവംബറിലാണ് യാത്ര ചെയ്തത്. കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് ബസ് സർവിസുകൾ മുവാസലാത്ത് നിർത്തിവെച്ചതായിരുന്നു. ഇതാണ് ഒക്ടോബറിൽ തുടങ്ങിയത്. എന്നാൽ, ദുബൈയിലേക്ക് ഇതുവരെ സർവിസ് ആരംഭിച്ചിട്ടില്ല.
മസ്കത്ത്-ബുറൈമി-അൽഐൻ വഴി അബൂദബിയിൽ എത്തുന്ന രീതിയിലാണ് റൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആണ്.
യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക് ഒരു മണിക്ക് അൽ ഐനിലും 3.40ന് അബുദബി ബസ് സ്റ്റേഷനിലും എത്തും. അബൂദബിയിൽനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്കത്തിൽ എത്തും.
മുവാസലാത്തിന്റെ യു.എ.ഇ സർവിസുകൾ പുനരാരംഭിച്ചത് യാത്രാദുരിതം ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ട്. മസ്കത്തിൽനിന്ന് യു.എ.ഇയിലേക്ക് സ്വകാര്യ ബസ് സർവിസ് നടത്തുന്നുണ്ട്. നിലവിൽ ദിവസവും മൂന്ന് സർവിസുകളാണ് ഈ കമ്പനി നടത്തുന്നത്. റൂവിയിൽനിന്ന് രാവിലെ ആറ്, ഉച്ചക്ക് 2.30, രാത്രി ഒമ്പത് എന്നിങ്ങനെയാണ് സ്വകാര്യ ബസ് കമ്പനിയുടെ സമയം.
എന്നാൽ, തിരക്ക് കാരണം പലപ്പോഴും നാലും അഞ്ചും ദിവസം കഴിഞ്ഞാണ് ടിക്കറ്റ് ലഭിക്കുന്നത്. ഇത് മസ്കത്തിൽ നിന്നുള്ള യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പലരും യാത്രകൾ മാറ്റിവെക്കുകയോ വിമാനം വഴി യാത്ര ചെയ്യുകയോ ആണ് ചെയ്യുന്നത്. യു.എ.ഇയിലേക്ക് കൂടുതൽ സർവിസ് നടത്തണമെന്നും ദുബൈ സർവിസുകൾ പുനരാരംഭിക്കണമെന്നും യാത്രക്കാരും ട്രാവൽ ഏജൻസികളും ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ഒമാനിൽ വിസിറ്റ് വിസയിൽ എത്തുന്നവർ ജോലി വിസയിലേക്ക് മാറണമെങ്കിൽ രാജ്യം വിടണമെന്ന നിയമം നടപ്പിൽ വന്നതോടെയാണ് മസ്കത്തിൽനിന്ന് യു.എ.ഇയിലേക്ക് സർവിസ് നടത്തുന്ന മുവാസലാത്ത് ബസിൽ തിരക്കേറി തുടങ്ങിയത്. വിസ മാറാൻ രാജ്യം വിടുന്നവരുടെ എണ്ണം വർധിച്ചതാണ് തിരക്ക് വർധിക്കാൻ പ്രധാന കാരണം. നിലവിൽ യു.എ.ഇയിലേക്ക് സ്വകാര്യ ബസ് കമ്പനി സർവിസ് നടത്തുന്നുണ്ടെങ്കിലും ഇതിലെ യാത്രക്കാർക്ക് വിസ മാറാൻ കഴിയാത്തതാണ് മുവാസലാത്തിൽ തിരക്ക് വർധിക്കാൻ കാരണം. മുവാസലാത്ത് യു.എ.ഇയിലേക്ക് ഒരു സർവിസ് മാത്രം നടത്തുന്നതും തിരക്കിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.