മസ്കത്ത്: രാജ്യസ്നേഹവും കൂറും പ്രകടിപ്പിച്ചും സുൽത്താൻ ഹൈതം ബിൻ താരിഖിനോടുള്ള വിശ്വസ്തതയും കൃതജ്ഞതയും രേഖപ്പെടുത്തിയും ദോഫാർ ഗവർണറേറ്റിൽ മക്ഷാൻ വിലായത്തിലെ ജനത റാലി സംഘടിപ്പിച്ചു. 52ാം ദേശീയദിനാഘോഷത്തിന് മുന്നോടിയായി മക്ഷാൻ വാലി ഷെയ്ഖ് അഹമ്മദ് ബിൻ മുസ്ലി ജദാദിന്റെ നേതൃത്വത്തിലായിരുന്നു റാലി. നിരവധി ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, ഒമാൻ വിമൻ അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബാനറുകളും രാജ്യത്തിന്റെ പതാകയുമുയർത്തി നടത്തിയ റാലിയിൽ, സുൽത്താന്റെ ഭരണ കാലത്തുണ്ടായ നേട്ടങ്ങൾക്ക് നന്ദിപറയുകയും ചെയ്തു.
ഒമാന്റെ മറ്റിടങ്ങളെപ്പോലെ മക്ഷാനിലും സമഗ്രമായ വികസനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വാലി ഷെയ്ഖ് അഹമ്മദ് ബിൻ മുസ്ലി ജദാദി പറഞ്ഞു. 12 ലക്ഷം റിയാൽ ചെലവിൽ ആരോഗ്യ കേന്ദ്രം ഉൾപ്പെടെ മുക്ഷാനിൽ നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യ സേവനങ്ങൾ നൽകും. 2023 അവസാനത്തോടെ ഇത് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദോഫാർ മുനിസിപ്പാലിറ്റി നടപ്പാക്കുന്ന 'മക്ഷാൻ ഒയാസിസ്' പദ്ധതി മസ്കത്ത്-സലാല ഹൈവേയിൽ, പ്രത്യേകിച്ച് ഖരീഫ് സീസണിൽ യാത്രക്കാർക്ക് ഒന്നിലധികം സേവനങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തിന്റെ 52ാം ദേശീയദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. കോടിതോരണങ്ങൾകൊണ്ടും ലൈറ്റുകളാലും നഗരങ്ങളും തെരുവുകളും അലങ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.