ഒമാനിൽ അവധി ആരംഭിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറും

മസ്കത്ത്: 52ാം ദേശീയ ദിനത്തിന്റെ ഭാഗമായ പൊതു അവധി ആരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലെ പൊതു അവധിയും രണ്ടു ദിവസത്തെ വാരാന്ത്യ ദിനവും ചേർത്ത് നാലു ദിവസത്തെ അവധിയാണുള്ളത്. ഇനിയുള്ള നാലു ദിവസങ്ങളിൽ ഒമാനിലെ എല്ലാ സ്ഥാപനങ്ങളും 'ഉറക്കിലാ'യിരിക്കും. അവധി എത്തിയതോടെ നിരവധി പേർ ചൊവ്വാഴ്ച നാട്ടിലേക്ക് പറന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. വിവിധ സെക്ടറിലേക്ക് ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്പ്രസ് പോലും വൺവേക്ക് മാത്രം 100ലധികം റിയാലാണ് ഈടാക്കുന്നത്.

അവധി ആഘോഷിക്കാൻ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരും നിരവധിയാണ്. ഖത്തറിൽ വിസക്ക് നിയന്ത്രണങ്ങളുള്ളതിനാൽ പലർക്കും പോകാൻ ആഗ്രഹമുണ്ടെങ്കിലും യാത്ര ഒഴിവാക്കുകയാണ്. എന്നാൽ, യു.എ.ഇയിലേക്ക് പോകുന്നവരുടെ എണ്ണം വർധിക്കും. ഇത് കാരണം അതിർത്തി ചെക്പോസ്റ്റിൽ തിരക്ക് വർധിച്ചിട്ടുണ്ട്.

അവധി ആഘോഷത്തിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ ഒരുക്കുന്നത്. പിക്നിക്കുകളും കുടുംബ സംഗമങ്ങളും അടക്കം നിരവധി പരിപാടികളാണ് അവധിക്കാലത്ത് നടക്കുക. കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയായിരുന്ന അവധി ആഘോഷങ്ങൾ സജീവമാവുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമാവും. ഫാം ഹൗസുകളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. അവധി ആഘോഷത്തിന്റെ ഭാഗമായി ഫാം ഹൗസുകളിലെല്ലാം ബുക്കിങ് പൂർണമായിക്കഴിഞ്ഞു.

ഒമാനിൽ സുഖകരമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അധികം ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥയാണുള്ളത്. ഇത് വിനോദസഞ്ചാര യാത്രക്കും ആഘോഷങ്ങൾക്കും പൊലിമ വർധിപ്പിക്കാൻ സഹായിക്കും. എന്നാൽ, ലോകകപ്പും കുട്ടികളുടെ പരീക്ഷയും വിനോദസഞ്ചാര യാത്രകളെ ചെറിയ തോതിൽ ബാധിക്കും. കളിക്കമ്പക്കാരായ നിരവധി പേർ ടി.വിക്ക് മുന്നിൽ ഫുട്ബാൾ വീക്ഷിക്കാനും ഉപയോഗപ്പെടുത്തും. ആഘോഷത്തിന്റെ ഭാഗമായി കളികളും മാച്ചുകളും സംഘടിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാണ് വ്യാപകമായ സ്വീകാര്യതയുള്ളത്. പ്രധാന കളിക്കളങ്ങളെല്ലാം ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്.

ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അലങ്കരിച്ച മസ്കത്ത്

നഗരത്തിലെ റോഡുകൾ

Tags:    
News Summary - National day holidays: Oman tourist spots draw huge crowds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.