മസ്കത്ത്: മസ്കത്തിലെ പുരാതന സൂഖായ സീബ് സെന്റർ മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങളിൽ ജനുവരി ഒന്നു മുതൽ 100 ശതമാനം സ്വദേശികൾക്ക് മാത്രമായി ജോലി സംവരണം ചെയ്യുന്നു. വിദേശികളും സ്വദേശികളും ഇടകലർന്നു കച്ചവടം ചെയ്യുന്ന മേഖല സ്വദേശികൾക്കായി മാത്രം നീക്കിവെക്കുമ്പോൾ നിരവധി പേരുടെ തൊഴിൽ മേഖല എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലാണ് ഇവിടുത്തെ മലയാളി കച്ചവടക്കാർ.വിദേശികൾക്ക് 50ലേറെ കടകളാണിവിടെയുള്ളത്. അതിൽ നൂറിനു മുകളിൽ തൊഴിലാളികളുമുണ്ട്. മലയാളികളെ കൂടാതെ രാജസ്ഥാൻ, ബംഗ്ലാദേശികൾ, പാകിസ്താനികൾ ഉൾപ്പെടെ നിരവധി വിദേശികളാണ് ഇവിടെയുള്ളത്. വർഷങ്ങളായി കച്ചവടം ചെയ്യുന്നവരാണ് ഇവിടെയുള്ളവർ. റമദാനിനും പെരുന്നാളിനും അവധി ദിവസങ്ങളിലും സാധനം വാങ്ങാൻ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. ഈത്തപ്പഴ വിപണനത്തിെൻറ മുഖ്യ കേന്ദ്രമായിരുന്നു സൂഖ്. ഉണക്ക മത്സ്യങ്ങൾ, വീട്ടുപകരണങ്ങൾ, ചെമ്പുപത്രങ്ങൾ, പലചരക്ക്, ഒമാൻ പാരമ്പര്യ സാധനങ്ങൾ, ആട്, കോഴി, പക്ഷികൾ, ചോക്ലറ്റുകൾ, ഡ്രൈഫ്രൂട്ട്സ് തുടങ്ങിയവ വിലകുറച്ചും പേശിയും വാങ്ങാൻ കഴിയും എന്നതാണ് സൂഖിെൻറ പ്രത്യേകത.
പല ദിക്കുകളിൽനിന്നും വരുന്ന ചെറിയ കച്ചവടം ചെയ്യുന്ന സ്വദേശി വനിതകൾ ഇവിടെനിന്നാണ് അവരുടെ വിൽപനക്ക് ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കാറ്. കഴിഞ്ഞ ദിവസങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർ ഇവിടെയെത്തി ഡിസംബർ 31 വരെയേ ജോലിചെയ്യാനാകൂവെന്ന് പറഞ്ഞതായി സീബ് സൂക്കിൽ റോസ്റ്ററി നടത്തുന്ന കതിരൂർ സ്വദേശി റസാഖ് പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് സ്വദേശികൾക്ക് നൽകാനായി കടകൾ ഒഴിപ്പിക്കുകയും കുറെക്കാലം അടച്ചിടുകയും ചെയ്തിരുന്നു. പിന്നീട് വിദേശികൾക്കുതന്നെ നൽകുകയായിരുന്നുവെന്ന് പഴയ കച്ചവടക്കാർ പറയുന്നു. ജീവിതചര്യയിൽ എഴുതിച്ചേർത്ത സൂഖിലെ ജീവിതം അന്യമാകുന്നതിൽ മലയാളികളടക്കമുള്ള പ്രവാസികൾ സങ്കടത്തിലാണ്. പഴയ സീബ് സൂക്കിെൻറ മുഖച്ഛായ മാറ്റി പുതുമോടിയിൽ ഒരുങ്ങിയിട്ട് മാസങ്ങളായതേയുള്ളൂ. പ്രവാസികൾക്ക് നേരെ വാതിൽ കൊട്ടിയടക്കില്ലെന്നും നിയമത്തിെൻറ ഇളവിൽ ജോലി ചെയ്യാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവിടുത്തെ കച്ചവടക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.