മസ്കത്ത്: പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന പരീക്ഷണസേവനങ്ങൾ അടുത്ത ആഴ്ച തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിൽ നടക്കും. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ടെലികമ്യൂണിക്കേഷൻ സേവനദാതാക്കളുടെയും സഹകരണത്തോടെ വിവിധ വിലായത്തുകളിലും തീരപ്രദേശങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും പരീക്ഷണ പ്രവർത്തനങ്ങൾ. സന്ദേശങ്ങൾ കഴിയുന്നത്ര വേഗത്തിൽ ആളുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
തെക്കൻ ശർഖിയ, മസ്കത്ത്, ദോഫാർ തുടങ്ങിയ ഗവർണറേറ്റുകളിൽ മാസങ്ങൾക്കുമുമ്പ് പരീക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയുടെ ഭാഗമായാണ് ബാത്തിന മേഖലയിലെ പ്രവർത്തനങ്ങൾ. മുന്നറിയിപ്പ് സന്ദേശത്തിന്റെ ഉള്ളടക്കത്തിലെ ലിങ്കിൽ ക്ലിക്കുചെയ്ത്, സന്ദേശം വരിക്കാരന് എത്തിയെന്ന് സ്ഥിരീകരണം നൽകണം. നിലവിൽ ഒമാൻടെൽ, ഉരീദോ വരിക്കാർക്കാണ് സന്ദേശം ലഭിക്കുക. വോഡഫോൺ ഈ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഈ സംരംഭം. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു എന്നീ നാലു ഭാഷകളിലായിരിക്കും സന്ദേശങ്ങൾ. ടെലികമ്യൂണിക്കേഷൻ സേവനദാതാക്കളുടെയും സഹകരണത്തോടെയാണ് മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് നൽകുന്നത്.
ഈ സേവനത്തെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിൻ മാസങ്ങൾക്കു മുമ്പ് നടന്നിരുന്നു. കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഏതു പ്രദേശത്താണോ ലക്ഷ്യംവെക്കുന്നത് അവിടത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും. ഇത് എല്ലാ മൊബൈൽ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ടിവേറ്റ് ചെയ്യേണ്ട രീതിയെക്കുറിച്ചുള്ള വിഡിയോയും ഇറക്കിയിരുന്നു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടക്കിടെ വിധേയമാകുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം ജാഗ്രതാ അറിയിപ്പ് സംവിധാനം നിരവധി മനുഷ്യജീവനുകൾ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.