മസ്കത്ത്: മൊബൈലിൽ പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകുന്ന സേവനം രണ്ടു ഗവർണറേറ്റുകളിൽ കൂടി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി.
തെക്കൻ ശർഖിയയിലെ സൂർ, ജഅലാൻ ബാനി ബു അലി, ജഅലാൻ ബാനി ബു ഹസൻ, മസീറ വിലായത്തുകളിലും മസ്കത്തിലെ സീബ്, ബൗഷർ, മത്ര, ഖുറിയാത്ത് തുടങ്ങിയ വിലായത്തുകളിലുമാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സന്ദേശങ്ങൾ അയച്ചുതുടങ്ങിയത്. സന്ദേശങ്ങൾ കഴിയുന്നത്ര വേഗത്തിൽ ആളുകളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഈ മാസത്തിന്റെ തുടക്കത്തിൽ തെക്കൻ ബാത്തിനയിലെ മുസന്ന വിലായത്തിലും സേവനങ്ങൾ നൽകിയിരുന്നു.
ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും കമ്യൂണിക്കേഷൻ സർവിസ് പ്രൊവൈഡർമാരുമായും സഹകരിച്ചാണ് ഇൗ പ്രവർത്തനങ്ങൾ നടത്തുന്നത്.
ബുധനാഴ്ച ദോഫാറിലെ സലാല, താഖ, മിർബത്ത്, റഖ്യുത്, ധാൽഖൂത്, ഷാലീം ഹല്ലാനിയത്ത് ദ്വീപുകൾ, സാദാ എന്നീ വിലായത്തുകളിലുമായിരിക്കും സന്ദേശങ്ങൾ അയക്കുക. ജൂൺ 13ന് വടക്കൻ ബാത്തിനയിലും 14ന് തെക്കൻ ബാത്തിനയിലും 15ന് മുസന്ദത്തും പരീക്ഷണ പ്രവർത്തനങ്ങൾ നൽകുമെന്ന് ട്രാ പറഞ്ഞു. മുന്നറിയിപ്പ് സന്ദേശത്തിന്റെ ഉള്ളടക്കത്തിലെ ലിങ്കിൽ ക്ലിക് ചെയ്ത്, സന്ദേശം വരിക്കാരന് എത്തിയെന്ന് സ്ഥിരീകരണം നൽകണം. നിലവിൽ ഒമാൻടെൽ, ഉരീദോ വരിക്കാർക്കാണ് സന്ദേശം ലഭിക്കുക. വോഡഫോൺ ഈ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാത്തവർ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ലിങ്ക് വഴി അറിയിക്കണമെന്ന് അതോറിറ്റി സൂചിപ്പിച്ചു. പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഈ സംരംഭം. സന്ദേശങ്ങൾ അയക്കുന്ന ടെലികമ്യൂണിക്കേഷൻ സേവനദാതാക്കളുടെയും സഹകരണത്തോടെ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു ഭാഷകളിലാണ് മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് നൽകുന്നത്. ഈ സേവനത്തെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിൻ ദിവസങ്ങൾക്കു മുമ്പ് നടന്നിരുന്നു. കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ഏത് പ്രദേശത്താണോ ലക്ഷ്യംവെക്കുന്നത് അവിടത്തെ ആയിരക്കണക്കിനാളുകളിലേക്ക് എത്തിക്കാൻ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും. ഇത് എല്ലാ മൊബൈൽ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ടിവേറ്റ് ചെയ്യേണ്ട രീതിയെക്കുറിച്ചുള്ള വിഡിയോയും ഇറക്കിയിരുന്നു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇരയാവുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം ജാഗ്രത അറിയിപ്പ് സംവിധാനം നിരവധി മനുഷ്യജീവൻ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
മുന്നറിയിപ്പ് സന്ദേശം പരിഭ്രാന്തി പരത്തി :
മസ്കത്ത്: പ്രകൃതിദുരന്തങ്ങളെ കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന പരീക്ഷണ സന്ദേശങ്ങൾ ലഭിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് ആളുകളെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച രാവിലെയാണ് മസ്കത്തിലെ സീബ്, ബൗഷർ, മത്ര, ഖുറിയാത്ത് തുടങ്ങിയ വിലായത്തുകളിലായി പരീക്ഷണാടിസ്ഥാനത്തിൽ അധികൃതർ സന്ദേശങ്ങൾ അയച്ചത്. അറബി, ഇംഗ്ലീഷ്, ഉർദു, ഹിന്ദി എന്നിങ്ങനെയുള്ള ഭാഷയിലായിരുന്നു സന്ദേശം. മെസേജ് ലഭിച്ച ആളുകള്‍ മൊബൈല്‍ ഷോപ്പുകളിലേക്കും മറ്റും ഓടി. ചിലരൊക്കെ സമൂഹ മാധ്യമങ്ങളിലടക്കം ‘ആശങ്ക’ പങ്കുവെക്കുകയും ചെയ്തു. തങ്ങളുടെ ഫോണുകൾ ഹാക്ക് ചെയ്തു എന്നാണ് പലരും വിചാരിച്ചിരുന്നത്. സന്ദേശത്തിന്റെ നിജസ്ഥിതി അറിയാനായി മാധ്യമ സ്ഥാപനങ്ങളിലേക്ക് വിളിച്ച് അന്വേഷിച്ചവരും നിരവധിയാണ്. സൂനാമി മുന്നറിയിപ്പാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചത് ആശങ്ക കൂട്ടുകയും ചെയ്തു. എന്നാൽ, ഇത്തരത്തിലുള്ള സന്ദേശങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അയക്കുമെന്ന് ദിവസങ്ങൾക്കു മുമ്പുതന്നെ ‘ട്രാ’യും മറ്റും വാർത്ത മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതു ശ്രദ്ധയിൽപെടാത്തവരാണ് പരിഭ്രാന്തരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.