പ്രവാസി എന്തായാലും പ്രതികരിക്കുകയില്ല എന്നറിയാവുന്ന ഒരു സർക്കാറും ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവുമാണ് ഇന്ത്യാരാജ്യത്തുള്ളത്. കോവിഡ് കാലത്ത് എയർപോർട്ടുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്തിനേറെ സ്വന്തം സമൂഹവും കുടുംബവും ചൂഷണംചെയ്ത ഒരു വിഭാഗമാണ് പ്രവാസികൾ. അഷ്റഫ് താമരശ്ശേരി, ജോർജ് പുല്ലാട്ട്, ഖത്തറിൽനിന്ന് അച്ഛന്റെ മരണവാർത്തയറിഞ്ഞ് അവസാനമായി ഒരുനോക്കു കാണാൻ കഴിയാത്ത സുരാഗ്, സത്യൻ തുടങ്ങി അവഗണനയുടെ ഉദാഹരണങ്ങൾ നിരവധിയാണ്. ഇപ്പോൾ ഏഴു ദിവസത്തെ ക്വാറന്റീനാണ് പ്രവാസികൾക്ക് കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് ഇല്ലാതെ മനപ്പൂർവം നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ അടിച്ചേൽപിക്കുന്ന സമ്പ്രദായം മൂലം കഷ്ടത അനുഭവിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഹോട്ടലുകളിലാകട്ടെ ഒരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നില്ല. പ്രവാസിയുടെ ഈ ദുരിതകഥകൾ കേൾക്കാനോ പരിഹാരം കാണാനോ ആരും ഇല്ലാത്ത അവസ്ഥക്ക് ഒരു അറുതി വരേണ്ടതില്ലേ? അധികൃതരെയും ജനപ്രതിനിധികളെയും ശ്രദ്ധയിൽ കൊണ്ടുവരാൻ നാം പ്രവാസികൾ മുന്നോട്ടുവരണം. നിരന്തര ശ്രമം എന്തുകൊണ്ട് ഫലം കാണാതിരിക്കുകയില്ല. മീഡിയകളിൽ, സംഘടനകളിൽ, ജനശ്രദ്ധയിൽ എല്ലാ പ്രശ്നങ്ങളും കൊണ്ടുവരാൻ പ്രവാസികൾ ശ്രമിക്കേണ്ടതുണ്ട്.
എല്ലാ പ്രവാസികളും സമ്മർദ ഗ്രൂപ്പായി ഒന്നിച്ച് എങ്ങനെ അവഗണനയെ ചെറുക്കാൻ കഴിയും എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രവാസി ഇന്നും അസംഘടിതരാണ്. അതിനാൽ എവിടെയും ചൂഷണം ചെയ്യപ്പെടുന്നു. വോട്ടു ചെയ്യാനുള്ള അവകാശത്തിനുവേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ ഇനിയും പ്രവാസിക്ക് നിലനിൽപുള്ളൂ. ഒരു വീട്ടിൽ ഒരു പ്രവാസിയെങ്കിലും ഇല്ലാത്ത കേരളീയർ ഇല്ലാതില്ല. മാറിച്ചിന്തിക്കേണ്ട അവസരം വൈകിയിരിക്കുന്നു. പ്രവാസി ഭാരതീയ ദിവസങ്ങൾ കൊല്ലന്തോറും കഴിഞ്ഞുപോകുന്നു. അതിന്റെയൊക്കെ ഫലം ആർക്കാണ്? വരേണ്യവിഭാഗങ്ങൾക്കു മാത്രം. ഒത്തൊരുമിച്ച് നിന്നാൽ പ്രശ്നപരിഹാരം ഉണ്ടാവും, തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.