മസ്കത്ത്: ഫിഷറീസ് ഡെവലപ്മെന്റ് ഒമാൻ കമ്പനി (എഫ്.ഡി.ഒ) പുതിയ മത്സ്യബന്ധന കപ്പലായ ‘അകീല’ സുൽത്താൻ ഖാബൂസ് തുറമുഖത്ത് നീറ്റിലിറക്കി. ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സിയുടെ രക്ഷാകർതൃത്വത്തിൽ ഒമാൻ പെലാജിക് ഫിഷ് കമ്പനിക്ക് വേണ്ടിയാണ് കപ്പൽ പ്രവർത്തിക്കുക. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച്, ഒമാനിലെ മത്സ്യത്തൊഴിലാളികളുടെ സമുദ്ര പൈതൃകവും വരും തലമുറകൾക്കായി വിഭവങ്ങളും സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കപ്പൽ രൂപപ്പെടുത്തിയത്.
കഴിഞ്ഞ മാസം നിർമാണം പൂർത്തിയായ ‘അകീല’ കപ്പൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ളതാണെന്ന് ഒമാൻ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ മുനീർ അലി അൽ മുനീരി പറഞ്ഞു. 85 മീറ്റർ നീളമുള്ള കപ്പലിന് 2,480 ടൺ വഹിക്കാനുള്ള ശേഷിയുണ്ട്. മത്സ്യ ഉൽപാദനം വർധിപ്പിക്കുക, പ്രാദേശിക വിപണിയിൽ വൈവിധ്യമാർന്ന മത്സ്യം ലഭ്യമാക്കുക, സമ്പദ്വ്യവസ്ഥയിൽ മത്സ്യമേഖലയുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് പദ്ധതികൾ നടപ്പാക്കുന്നത്.
പ്രാദേശിക മത്സ്യബന്ധന മേഖലയുടെ പ്രോത്സാഹനത്തിനും മെച്ചപ്പെടുത്തലിനും ഒമാൻ വിഷൻ 2040 നയത്തിന് അനുസരിച്ച് വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.