മസ്കത്ത്: ആറുമാസത്തിലധികമായി ഒമാന് പുറത്തുള്ളവർക്ക് ഇനി തിരികെ വരണമെങ്കിൽ പുതിയ തൊഴിൽവിസ നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് ഒാർമിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വിസാ നിയമത്തിൽ നൽകിയിരുന്ന ഇളവുകൾ വ്യോമഗതാഗതം സാധാരണനിലയിലായതോടെ എടുത്തുകളയുകയായിരുന്നു. 180 ദിവസം രാജ്യത്തിന് പുറത്തായിരുന്നവർക്ക് പ്രവേശനാനുമതി നൽകില്ലെന്നു കാട്ടി ആർ.ഒ.പി സിവിൽ ഏവിയേഷന് സർക്കുലർ നൽകിയിരുന്നു.
ജനുവരി ഒന്നുമുതൽ ഇളവുകൾ നിർത്തലാക്കുന്നുവെന്ന് കാട്ടിയായിരുന്നു സർക്കുലർ. എന്നിരുന്നാലും കഴിഞ്ഞ ദിവസം മുതലാണ് കർശനമായി നടപ്പാക്കിത്തുടങ്ങിയത്. വിഷയത്തിൽ ആശയക്കുഴപ്പങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആർ.ഒ.പിയുടെ വിശദീകരണം. കോവിഡ് മഹാമാരിയെ തുടർന്ന് വിമാന ഗതാഗതം സ്തംഭിച്ചതിനാൽ വിദേശത്ത് കുടുങ്ങിയ തൊഴിൽ വിസക്കാർക്കായി നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതായി റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു. നിയമപരമായി അനുവദിക്കപ്പെട്ട കാലയളവായ ആറുമാസം കഴിഞ്ഞവർക്ക് വിസ വിദേശത്തുനിന്ന് പുതുക്കാനുള്ള സൗകര്യം അതിൽപെട്ടതായിരുന്നു.
എന്നാൽ, വ്യോമഗതാഗതം സാധാരണനിലയിലായതിനെ തുടർന്നും സുപ്രീം കമ്മിറ്റി തീരുമാനപ്രകാരവും ഇൗ സൗകര്യങ്ങളെല്ലാം നിർത്തലാക്കിയിട്ടുണ്ട്. വിദേശത്തായിരിക്കെ വിസ കാലാവധി കഴിഞ്ഞവർക്ക് തൊഴിലുടമ പുതിയ വർക്ക് വിസ എടുത്തുനൽകിയാൽ മാത്രമേ തിരികെവരാൻ സാധിക്കുകയുള്ളൂവെന്ന് മേജർ മുഹമ്മദ് അൽ ഹഷ്മി പറഞ്ഞു. വിസാ നിയമത്തിലെ ഇളവുകൾ റദ്ദാക്കിയതായും ആറുമാസം കഴിഞ്ഞവർക്ക് ബോർഡിങ് അനുവദിക്കരുതെന്നും വിമാനകമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ആറുമാസ നിബന്ധന തൊഴിൽവിസക്കാർക്ക് മാത്രമാണ് നിർബന്ധം, ഫാമിലി വിസക്കാർക്ക് നിർബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തിന് പുറത്തായിട്ട് ആറുമാസം കഴിഞ്ഞ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന് നിലവിലെ വിസാ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ശ്രമം നടത്താവുന്നതാണ്. ഇതിനായി സ്പോൺസർ അല്ലെങ്കിൽ പി.ആർ.ഒ സീബിലെ എമിഗ്രേഷൻ ഒാഫിസിലെത്തി എൻ.ഒ.സിക്ക് അപേക്ഷിക്കണം. പാസ്പോർട്ട് കോപ്പി, പാസ്പോർട്ടിലെ വിസാ പേജ്, തിരികെ വരാൻ സാധിക്കാതിരുന്ന കാരണം എന്നിവ കാട്ടിയാണ് അപേക്ഷ നൽകേണ്ടത്. ബോധിപ്പിക്കുന്ന കാരണം എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സ്വീകാര്യമാകുന്ന പക്ഷം എൻ.ഒ.സി അനുവദിക്കുന്നതാണ്. ഇതിനുപുറമെ വിലായത്തുകളിലെ എമിഗ്രേഷൻ ഒാഫിസുകളിലും ഇതുസംബന്ധിച്ച അപേക്ഷ നൽകാവുന്നതാണ്. ചില വിലായത്തുകളിലെ ഒാഫിസുകളിൽ അപേക്ഷ നൽകിയവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ നിലവിലുള്ള വിസ റീ ഇഷ്യൂ ചെയ്ത് നൽകിയിട്ടുണ്ട്. ഇങ്ങനെ എൻ.ഒ.സിയും വിസ റീഇഷ്യൂ ചെയ്തും കിട്ടുന്നവർ അതിൽ പറഞ്ഞിരിക്കുന്ന ദിവസങ്ങളിൽ ഒമാനിൽ ഇറങ്ങേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.