പ്രതീക്ഷയുടെ നിറങ്ങളുമായി ഒരു പുതുവർഷം കൂടി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ വിവേകപൂർണവും ദീർഘവീക്ഷണത്തോടെയുമുള്ള ഭരണത്തിന് കീഴിൽ വികസനത്തിന്റെ പുതു ലോകത്തിലേക്ക് കുതിക്കുകയാണ് ഒമാൻ. എണ്ണയിതര മേഖലയിൽനിന്നുള്ള വരുമാനം കണ്ടെത്താനുള്ള രാജ്യത്തിന്റെ മാർഗങ്ങളും വിജയപടിയിൽ എത്തിയിരിക്കുന്നത് 2025ൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ശൈത്യകാലം ടൂറിസത്തിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന പരിപാടികൾ വിനോദ സഞ്ചാരമേഖലകളിലും ഉണർവ് പകർന്നിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാന മനുഷ്യവിഭവമായ യുവതയെ പരിഗണിച്ചും ദുർബല വിഭാഗങ്ങളെ ചേർത്തുപിടിച്ചും രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനുള്ള പദ്ധതികളാണ് ഒരുക്കി കൊണ്ടിരിക്കുന്നത്. പുതുവർഷത്തിൽ സർക്കാർ നടപ്പിൽ വരുത്തുന്നതും പ്രതീക്ഷ നൽകുന്നതുമായ പദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഒരു എത്തിനോട്ടം
മസ്കത്ത്: വിവിധ പരിപാടികളുമായി നടന്നുകൊണ്ടിരിക്കുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ തലസ്ഥാന നഗരിയുടെ പുതുവത്സര ആഘോഷങ്ങൾക്ക് നിറം പകരും. ജനുവരി 21വരെ നീളുന്ന ആഘോഷ പരിപാടികൾ തലസ്ഥാന നഗരിക്ക് പുത്തൻകാഴ്ച അനുഭവമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് വേദിയിലേക്ക് ഒഴുകിയത്. എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 11 മണി വരെയാണ് മസ്കത്ത് നൈറ്റ്സ് അനുബന്ധ പരിപാടികള്‍.
വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദ പരിപാടികള്‍ അരങ്ങേറും. പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും മസ്കത്ത് നൈറ്റ്സിന്റെയും സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാകും. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്.
സന്ദർശകരെ സഹായിക്കുന്നതിനായി ബഹുഭാഷ കൈകാര്യം ചെയ്യുന്ന 500ഓളം സന്നദ്ധപ്രവർത്തകരെ വിവിധ ഫെസ്റ്റിവൽ വേദികളിൽ ക്രമീകരിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഖുറം നാച്ചുറൽ പാർക്കിൽ ഫ്ലവർ ഷോയും ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും. ഫുഡ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിലെ എംബസികൾ പ്രതിനിധാനം ചെയ്യുന്ന പവലിയൻ തുടങ്ങി ചില ജനപ്രിയ പരിപാടികളുടെ തിരിച്ചുവരവ് ഉൾപ്പെടെ ഈ വർഷത്തെ ഫെസ്റ്റിവലിന് ചില പുതിയ സവിശേഷതകളാണ്. നസീം ഗാര്‍ഡനില്‍ വിനോദ പരിപാടികള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കമെങ്കിലും ആമിറാത്ത് പാര്‍ക്കില്‍ പ്രധാനമായും ഒമാനി പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും പ്രദര്‍ശനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.