മസ്കത്ത്: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ഒക്ടോബർ 11 മുതൽ ഏർപ്പെടുത്തിയിരുന്ന രാത്രിയാത്ര വിലക്ക് അവസാനിച്ചു. ശനിയാഴ്ച പുലർച്ച അഞ്ചു മണിയോടെയാണ് യാത്രവിലക്ക് അവസാനിച്ചത്.രാത്രിയിലെ അടച്ചിടൽ അവസാനിച്ചെങ്കിലും മറ്റു നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് ഇനിയൊരു അറിയിപ്പുവരെ തുടരും. ഒക്ടോബർ ഒമ്പതിന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് കോവിഡ് വ്യാപന സാധ്യത മുൻനിർത്തി ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് ദിവസം മുഴുവൻ വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. കുടുംബപരമായതും സാമൂഹികവുമായ എല്ലാ ഒത്തുചേരലുകൾക്കുമുള്ള വിലക്ക് നിലനിൽക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഒത്തുചേരലുകളിൽ പെങ്കടുക്കുന്നതുവഴി രോഗവ്യാപനത്തിനും മരണസംഖ്യ ഉയരുന്നതിനും വഴിവെക്കുന്ന പ്രവണതയിൽ കഴിഞ്ഞദിവസം നടന്ന സുപ്രീം കമ്മിറ്റി യോഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യക്തികളും സ്ഥാപനങ്ങളും പരമാവധി പ്രതിരോധ നടപടികൾ പാലിക്കുന്നതിന് ഒപ്പം ശ്രദ്ധയിൽപെടുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
സഞ്ചാരവിലക്ക് അവസാനിക്കുന്നതു കണക്കിലെടുത്ത് മുവാസലാത്ത് ബസുകൾ ശനിയാഴ്ച മുതൽ സാധാരണ നിലയിൽ സർവിസ് നടത്തും. മസ്കത്ത് സിറ്റി സർവിസുകളും ഇൻറർസിറ്റി സർവിസുകളും ഇന്നുമുതൽ റെഗുലർ സർവിസ് നടത്തുമെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു. മസ്കത്ത്-സലാല സർവിസ് ഇന്ന് പുനരാരംഭിക്കുകയും ചെയ്യും. റെഗുലർ ഫെറി സർവിസുകൾ ഞായറാഴ്ച മുതലായിരിക്കും പുനരാരംഭിക്കുക. സലാലയിലെ സിറ്റി ബസ് സർവിസുകൾ നവംബർ ഒന്നു മുതലാണ് പുനരാരംഭിക്കുക. ഇതിനിടെ, സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചതിന് കൂടുതൽ പേർ നടപടിക്ക് വിധേയരായി.
രാത്രി സഞ്ചാരവിലക്ക് ലംഘിച്ച മൂന്നുപേർ തെക്കൻ ശർഖിയ ഗവർണറേറ്റിൽ അറസ്റ്റിലായതായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മൂന്നുപേർക്കും പ്രൈമറി കോടതി 500 റിയാൽ വീതം പിഴ വിധിച്ചതായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.