മസ്കത്ത്: യു.എ.ഇക്കും ബഹറൈനും പിന്നാലെ ഇസ്രായേലുമായി സാധാരണബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ ഗൾഫ് രാഷ്ട്രമാകാൻ ഒമാൻ ഇല്ലെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി. ലണ്ടനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അശ്ശർഖ് അൽ ഔസത് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹമദ് അൽ ബുസൈദിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡുമായി കഴിഞ്ഞ മാസം ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതേക്കുറിച്ച ചോദ്യത്തിനായിരുന്നു സയ്യിദ് ഹമദ് അൽ ബുസൈദിയുടെ മറുപടി.
ഫലസ്തീൻ-ഇസ്രായേൽ പ്രശ്നത്തിന് പരിഹാരം ആവശ്യമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ സമഗ്രവും ശാശ്വതവുമായ സമാധാനം ഉണ്ടാവുകയുള്ളൂ. ഇത് മാത്രമാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക പോംവഴി. ഫലസ്തീനികളുടെ നിയമപരമായ അവകാശത്തെ തങ്ങൾ പിന്തുണക്കുന്നതിനൊപ്പം രാജ്യങ്ങളുടെ പരമാധികാരത്തെയും തങ്ങൾ മാനിക്കുന്നതായും മറ്റ് രാഷ്ട്രങ്ങൾ തങ്ങളുടെ പരമാധികാരത്തിലധിഷ്ഠിതമായ തീരുമാനത്തെ മാനിക്കുമെന്നാണ് കരുതുന്നതെന്നും സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.
സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ ഞായറാഴ്ചയിലെ സൗദി സന്ദർശനവേളയിൽ ഇരു അയൽരാഷ്ട്രങ്ങൾക്കുമിടയിൽ സഹകരണ കൗൺസിൽ നിലവിൽവരുമെന്ന് സയ്യിദ് ബദർ പറഞ്ഞു. കൗൺസിൽ തയാറാക്കുന്ന ചട്ടക്കൂടുകൾ പ്രകാരം റിയാദും മസ്കത്തും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്തഘട്ട സഹകരണത്തിന് കൗൺസിൽ അടിസ്ഥാനമിടും. ഭാവിയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തിൽ വലിയ കുതിച്ചുചാട്ടം തന്നെയുണ്ടാകും. ഒമാൻ-സൗദി ഹൈവേ ഈ വർഷം അവസാനം തുറക്കുന്നതോടെ വിജയസാധ്യതയുള്ള ചരക്ക് ഗതാഗത പദ്ധതികൾക്കും സാധ്യതയുണ്ടെന്ന് സയ്യിദ് ബദർ പറഞ്ഞു.
യമൻ സംഘർഷമടക്കം മേഖലയിലെ നിരവധി വിഷയങ്ങളിൽ ഒമാനും സൗദിയും യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പ്രധാനപ്പെട്ടതാണ് യമൻ വിഷയം. യുദ്ധം അവസാനിപ്പിച്ച് സുരക്ഷയും ഭദ്രതയും കൈവരിക്കാനും യമൻ ജനതയുടെ ദുരിതം അകറ്റാനും അക്ഷീണം യത്നിച്ചുവരുകയും ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട കക്ഷികൾക്കെല്ലാം സ്വീകാര്യമായതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പരിഹാരമാർഗം കണ്ടെത്തി സംഘർഷം അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
യമൻ വിഷയത്തിൽ ഒമാൻ പരിഹാരമാർഗം നിർദേശിച്ചതായുള്ള പ്രചാരണങ്ങൾ ഹമദ് അൽ ബുസൈദി തള്ളുകയും ചെയ്തു. കഴിഞ്ഞ മാസം ഒമാനി പ്രതിനിധി സംഘം സനാ സന്ദർശിച്ചതിനെ തുടർന്നുണ്ടായ ഈ പ്രചാരണം വാസ്തവവിരുദ്ധമാണ്. യമനിൽ പരസ്പരം പോരടിക്കുന്ന കക്ഷികൾക്കെല്ലാം പ്രതിസന്ധി അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നുണ്ട്. ഇവർക്കിടയിലെ ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളും അകറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും സയ്യിദ് ബദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.