മസ്കത്ത്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞത് മസ്കത്ത് നഗരത്തിലെ മിക്ക മിനികാബുകളും സർവിസ് നടത്തുന്നുണ്ടെങ്കിലും ആളുകൾ പുറത്തിറങ്ങാത്തതിനാൽ യാത്രക്കാരെ ലഭിക്കുന്നില്ല. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം തങ്ങളുടെ സ്ഥിതി ദയനീയമാണെന്ന് നഗരത്തിലെ ഡൈവർമാർ പറയുന്നു. പല ദിവസങ്ങളിലും ദൈനംദിന ചെലവിനുപോലും തികയാതെയാണ് ഇവരിൽ പലരും ജോലി അവസാനിപ്പിക്കുന്നത്. നഷ്ടം സഹിച്ചാണെങ്കിലും യാത്രക്കാരുടെയും മറ്റും സുരക്ഷ പരിഗണിച്ച് വാഹനങ്ങളിൽ ആവശ്യമായ മുൻകരുതൽ ഒരുക്കിയിട്ടുണ്ട്. ഒരോ സർവിസിന് ശേഷവും സീറ്റുകളും ഡോർ ഹാന്റിലുകളും മറ്റ് സ്ഥലങ്ങളും വൃത്തിയാക്കിയാണ് അടുത്ത യാത്രക്കാരെ കയറ്റുന്നത്. ആഴ്ചയിൽ ഒരു തവണയെങ്കിലും വാഹനം അണുമുക്തമാക്കാൻ ശ്രമിക്കാറുണ്ടെന്ന് റൂവി പ്ലാസ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർ പറഞ്ഞു. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതും ഇവർക്ക് തിരിച്ചടിയായി.
ദിവസങ്ങൾക്ക് മുമ്പ് മത്ര തീരത്ത് വിവിധ രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുമായി ആഡംബര കപ്പൽ എത്തിയിരുന്നു. എന്നാൽ, യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സഞ്ചാരികളെ പുറത്തിറങ്ങുന്നതിൽ നിന്ന് വിലക്കുകയായിരുന്നു. മേഖലയിൽ പ്രതിസന്ധി രൂക്ഷമായതോടെ ടാക്സികൾ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിലും കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത ടാക്സികളുടെ എണ്ണത്തിൽ 15 ശതമാനത്തിലധികം ഇടിവാണുണ്ടായത്. 2020 ഡിസംബർ അവസാനത്തിൽ 29,931 ടാക്സികൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ, 2021 അവസാനത്തോടെ ഇത് 28,480 ആയി കുറഞ്ഞു. അതേസമയം, വിവിധ ആപ്പുകൾ വഴി പ്രവർത്തിപ്പിക്കുന്ന ടാക്സികൾ ഇപ്പോഴും ഒമാനിൽ മികച്ച ബിസിനസ് നടത്തുന്നുണ്ടെന്നാണ് ഗതാഗത മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. നഗരത്തിൽ കഴിഞ്ഞ മാസം വനിത ടാക്സി സർവിസും ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.