മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയതോടെ മാസ്ക് ഒഴിവാക്കാൻ ഒമാൻ ഒരുങ്ങുന്നു. മാർച്ച് ഒന്നു മുതൽ തുറസ്സായ സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റി അറിയിച്ചു.
അതേസമയം, ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് നിർബന്ധമാണ്. നൂറുശതമാനം ശേഷിയിൽ ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഹാളുകളിലും മറ്റും നടക്കുന്ന സമ്മേളനങ്ങൾ, എക്സിബിഷനുകൾ, പൊതുപരിപാടികൾ എന്നിവയിൽ മുമ്പ് നിശ്ചയിച്ച പ്രകാരം 70 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഇവിടെ പരിപാടികൾ നടത്തേണ്ടത്. തീരുമാനങ്ങൾ ഇന്നു മുതൽ നിലവിൽ വരും.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് ആറു മുതൽ പൂർണ തോതിൽ നേരിട്ട് നടത്താമെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികൾ ഇവിടെ ഒരുക്കണം. രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കൂടുതൽ ഇളവുകൾ അധികൃതർ നൽകിയിരിക്കുന്നത്.
മസ്കത്ത്: വിദേശ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനി മുതൽ പി.സി.ആർ പരിശോധന ആവശ്യമില്ല. കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഒമാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ എടുത്തവരെയാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽനിന്ന് ഒഴിവാക്കിയത്. ഇരട്ട ഡോസ് വാക്സിനുകളായ ഫൈസർ, ആസ്ട്രാസെനക, സ്പുട്നിക്, സിനോവാക്സ്, മൊഡേണ, സിനോഫാം, കോവാക്സിൻ, സിംഗിൾ ഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കാണ് ഒമാൻ അംഗീകാരം നൽകിയിരിക്കുന്നത്.
യാത്രക്കാർക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. യാത്രക്ക് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആർ ടെസ്റ്റെടുക്കേണ്ടിയിരുന്നത്. ഇതിനിടെ പരിശോധനയിൽ പോസിറ്റിവായാൽ യാത്രകൾ മുടങ്ങുന്ന സ്ഥിതിയുമുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.