മസ്കത്ത്: ഈ മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നതിനായി തൊഴിൽ മന്ത്രാലയം പരിശോധന കാമ്പയിനുകൾക്ക് തുടക്കമിട്ടു. ഉച്ചക്ക് 12.30നും വൈകീട്ട് 3.30നും ഇടയിൽ പുറത്തു പണിയെടുക്കുന്ന നിർമാണ മേഖലയിലടക്കമുള്ളവർക്ക് വിശ്രമം അനുവദിക്കുന്നുണ്ടോ എന്ന് സൂക്ഷമമായി നിരീക്ഷിക്കും. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺമുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്.
ഇത് ലംഘിക്കുന്നവർക്ക് 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകിളിൽ ഒന്ന് അനുഭവിക്കേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ ഹെൽത്ത് വിഭാഗം ഡയറക്ടർ എൻജിനിയർ സക്കരിയ ബിൻ ഖമീസ് അൽ സാദി പറഞ്ഞു. വേനൽക്കാലത്ത് താപനില 43 ഡിഗ്രി സെൽഷ്യസ് കവിയുന്നതിനാൽ ഈ നിയമം നടപ്പിലാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് അൽ സാദി വിശദീകരിച്ചു.ശരീരത്തിന്റെ ആന്തരിക ഊഷ്മാവ് നിയന്ത്രിക്കാൻ പാടുപെടുമ്പോൾ പിരിമുറുക്കം ഉണ്ടാകും. ഇത് ക്ഷീണം, ഓക്കാനം, തലവേദന, തലകറക്കം, നിർജ്ജലീകരണം എന്നിവയുൾപ്പെടെ നിരവധി ലക്ഷണങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിതല തീരുമാനം നമ്പർ 286/2008 പ്രകാരം തൊഴിൽ മന്ത്രാലയം നിർദ്ദിഷ്ട ആവശ്യകതകൾ വിശദീകരിച്ചിട്ടുണ്ട്. ഒമാനിലെ എല്ലാ ജോലിസ്ഥലങ്ങളിലും ഉടമകൾ ഇത് പാലിക്കൽ നിർബന്ധമാണ്.ഏറ്റവും ചൂടേറിയ സമയങ്ങളിൽ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് മതിയായ ഇടവേളകളും വിശ്രമങ്ങളും നൽകണം. തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളവും തണലുള്ള വിശ്രമകേന്ദ്രങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കണം. ഉചിതമായ സംരക്ഷണ വസ്ത്രങ്ങളും ഉപകരണങ്ങളും ലഭ്യമാക്കണം. ഗർഭിണികൾ പോലുള്ള ദുർബലരായ തൊഴിലാളികളെ സൂര്യാഘാതത്തിൽനിന്ന് സംരക്ഷിക്കാന പ്രത്യകം ശ്രദ്ധിക്കണം.
എന്നാൽ, എണ്ണ, വാതകം, അവശ്യ സേവനങ്ങൾ തുടങ്ങിയ കമ്പനികളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അൽ സാദി പറഞ്ഞു. പക്ഷേ, ഈ കമ്പനികൾ ഇളവ് പെർമിറ്റ് ലഭിക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന് രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കണം. അത്തരം ഒഴിവാക്കലിന്റെ പരിധിയിൽ വരുന്ന മേഖലകളെയും മറ്റ് വ്യവസ്ഥകളെയും കുറിച്ച് മന്ത്രിതല തീരുമാനം നമ്പർ 322/2011 വിശദമായ വിവരങ്ങൾ നൽകുന്നുണ്ട്. നിരോധിത സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ ജീവനക്കാരെ ആവശ്യപ്പെടുന്ന കമ്പനികൾ, ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ഇളവ് പെർമിറ്റിന് അപേക്ഷിക്കണം.
പേര്, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടെ കമ്പനി വിശദാംശങ്ങൾ, ഇളവ് അഭ്യർഥനക്കുള്ള കാരണങ്ങൾ വിശദീകരിക്കുന്ന പ്രസ്താവന, നിരോധിത സമയങ്ങളിൽ നടത്തേണ്ട ജോലിയുടെ വിവരണം, നിരോധിത സമയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന സമഗ്ര പദ്ധതി, നിരോധിത സമയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പട്ടിക, അവരുടെ ജോലി തസ്തിതകൾ, ചുമതലകൾ എന്നിവയിൽ അപേക്ഷയിൽ ഉൾപ്പെടുണം.
തങ്ങളുടെ ജീവനക്കാരെ വെളിയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന കമ്പനികൾ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യത്തിന് തണുത്ത കുടിവെള്ളം നൽകണമെന്ന് അൽ സാദി ആവർത്തിച്ചു. വർക്ക് സൈറ്റിന് സമീപം (തുറസ്സായ സ്ഥലങ്ങളിൽ) നാല് വശങ്ങളിലും അടച്ചിടുള്ള തണലുള്ള ഇരിപ്പിടം ഒരുക്കുകയും ജോലിക്കാരുടെ എണ്ണത്തിന് അനുസരിച്ച് എയർ കണ്ടീഷൻ സജ്ജീകരിക്കുകയും വേണം. ആവശ്യമായ സാധനങ്ങളുള്ള ഫസ്റ്റ് എയ്ഡ് ബോക്സുകളും ലഭ്യമാക്കണ. കൂടാതെ, ഓരോ സ്ഥലത്തെയും മൊത്തം ജീവനക്കാരുടെ 10 ശതമാനമെങ്കിലും അടിസ്ഥാന പ്രഥമശുശ്രൂഷയിലും സി.പി.ആറിലും പരിശീലനം നേടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.