മസ്കത്ത്: വിവിധ സേവനങ്ങൾക്ക് ആവശ്യമായ നോർക്ക തിരിച്ചറിയല്‍ കാര്‍ഡുകളുടെ നിരക്ക് വർധിപ്പിച്ച സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് കെ. മുനീർ ആവശ്യപ്പെട്ടു.
പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന പ്രവാസി സമൂഹത്തെ കൂടുതൽ പ്രയാസപ്പെടുത്തുന്നതാണ് നിരക്കുവർധന. മാറിവരുന്ന സർക്കാറുകൾ പ്രവാസികളെ കറവപ്പശുക്കളെപ്പോലെ കാണുന്ന നടപടി അംഗീകരിക്കാനാവില്ല. ഗവണ്മെന്റ് തലങ്ങളിൽ നിലവിൽ വളരെ പരിമിതമായ ആനുകൂല്യങ്ങളേ പ്രവാസികൾക്കായി നീക്കിവെച്ചിട്ടുള്ളൂ.
അതുപോലും പ്രവാസികളെ പരമാവധി ചൂഷണം ചെയ്യാനുള്ള ഉപാധിയായി കാണുന്ന സർക്കാറിന്റെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ട്. രാജ്യവളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തോടുള്ള നിരന്തരമായ അവഗണനയുടെ ഭാഗമാണ് പ്രവാസി കാർഡുകളുടെ നിരക്കുവർധനയെന്ന് പ്രവാസി വെൽഫെയർ ഒമാൻ കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളില്‍ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷവും താഴ്ന്ന വരുമാനക്കാരായ പ്രവാസികൾ ആണെന്നിരിക്കെ ഇത്തരം അധികബാധ്യത അടിച്ചേൽപിക്കുന്ന നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ ഒമാൻ ജന. സെക്രട്ടറി സാജിദ് റഹ്മാൻ, വൈസ് പ്രസിഡന്റുമാരായ അസീസ് വയനാട്, അർഷദ് പെരിങ്ങാല, സെക്രട്ടറിമാരായ അസീബ് മാള, സുമയ്യ ഇഖ്ബാൽ, ഷമീർ കൊല്ലക്കൻ, റിയാസ് വളവന്നൂർ, സഫീർ നരിക്കുനി, അലി മീരാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.