മസ്കത്ത്: ഇന്ത്യക്കും ഒമാൻ അടക്കം ഗൾഫ് രാജ്യങ്ങൾക്കുമിടയിലെ വിമാന സർവിസുകൾ സാധാരണപോലെ പുനരാരംഭിക്കുന്നതിനായുള്ള കാത്തിരിപ്പ് നീളും. അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ സെപ്റ്റംബർ 30വരെ നീട്ടിയതോടെയാണിത്. കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. അന്താരാഷ്ട്ര ചരക്കുവിമാനങ്ങൾക്കും ഡി.ജി.സി.എ അംഗീകാരമുള്ള സർവിസുകൾക്കും അനുമതിയുണ്ട്. കേസുകൾ കുറയുന്നതിന് അനുസരിച്ച് ചില റൂട്ടുകളിൽ അന്താരാഷ്ട്ര സർവിസുകൾ നടത്തുമെന്നും അറിയിപ്പിൽ പറയുന്നു.
സാധാരണ വിമാന സർവിസുകൾ പുനരാരംഭിക്കാത്തത് ഒമാനിലെ പ്രവാസികളെയാണ് പ്രധാനമായും ബാധിക്കുന്നത്. എയർ ബബിൾ ധാരണപ്രകാരമാണ് ബുധനാഴ്ച മുതൽ ഒമാനിലേക്ക് സർവിസുകൾ പുനരാരംഭിക്കുക. ഖത്തറിലേക്കും യു.എ.ഇയിലേക്കുമെല്ലാം എയർ ബബിൾ ധാരണയുണ്ടെങ്കിലും ഇന്ത്യൻ ബജറ്റ് വിമാന കമ്പനികൾ കൂടി സർവിസ് നടത്തുന്നതിനാൽ നിരക്കുകളിൽ കുറവുണ്ട്. എന്നാൽ, മസ്കത്തിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും ദേശീയ വിമാന കമ്പനികളായ എയര്‍ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവ മാത്രമാണ് സർവിസ് നടത്തുന്നത്. അതിനാൽ യാത്രാവിലക്കിന് ശേഷം സർവിസ് പുനരാരംഭിക്കുേമ്പാൾ എക്കാലത്തെയും ഉയർന്ന നിരക്കുകളാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് മസ്കത്തിലേക്കുള്ളത്. കൊച്ചിയിൽനിന്ന് സെപ്റ്റംബർ മുഴുവൻ 58,000 രൂപക്ക് മുകളിലാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ നിരക്ക്. ഒമാൻ എയറിൽ ഇത് 60,000 രൂപക്ക് മുകളിലാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഒമാനും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർപ്രകാരം വിമാന സർവിസ് തുടങ്ങിയത്. തുടക്കത്തിൽ ബജറ്റ് വിമാന കമ്പനികളും സർവിസ് നടത്തിയിരുന്നതിനാൽ താങ്ങാവുന്ന നിരക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, നവംബറിൽ രോഗവ്യാപനമടക്കം കാര്യങ്ങൾ ചൂണ്ടികാട്ടി എയർ ബബിൾ ധാരണപ്രകാരമുള്ള ഒമാനും ഇന്ത്യക്കുമിടയിലെ പ്രതിവാര സീറ്റുകൾ 12,000 ആയി കുറച്ചു.
ഇതോടെ ഗോ എയറിനോടും സ്പൈസ് ജെറ്റിനോടും ഇൻഡിഗോയോടും സർവിസ് നിർത്താൻ ഇന്ത്യൻ അധികൃതർ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് നിരക്കുകൾ ഉയർന്നത്.
സാധാരണ വിമാന സർവിസുകൾ ആരംഭിക്കുകയോ അല്ലാത്തപക്ഷം എയർ ബബിൾ ധാരണപ്രകാരമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം കൂട്ടി ഇന്ത്യൻ ബജറ്റ് വിമാന കമ്പനികൾക്ക് അനുമതി നൽകുകകൂടി ചെയ്താൽ മാത്രമേ യാത്രാനിരക്കുകളിൽ കുറവുണ്ടാകാനിടയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.