മസ്കത്ത്: വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ജീവനക്കാരുടെ ശമ്പളം കൈമാറാത്ത കമ്പനികൾക്ക് മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. കഴിഞ്ഞ ഒരു വർഷമായി രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തികസ്ഥിതി മെച്ചമായിട്ടും നിരവധി സ്വകാര്യ മേഖലയിലെ കമ്പനികൾ ജീവനക്കാരുടെ ശമ്പളം മാസങ്ങളോളം വൈകിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് 24,000 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 13,000 പരാതികളും വേതനവുമായി ബന്ധപ്പെട്ടായിരുന്നു. സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ അധികൃതർ ഈ വർഷം ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 റിയാല്‍ പ്രതിമാസം പിഴ ചുമത്തുമെന്നാണ് വേജസ് പ്രൊട്ടക്ഷൻ (ഡബ്ല്യു.പി.എസ്) പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിൻ സലേം അൽ സാബിത് അറിയിച്ചത്. നിയമമനുസരിച്ച് എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം. തൊഴിലുടമ ജീവനക്കാരന് അവരുടെ പ്രതിമാസ വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോ മാസവും പിഴ ഇരട്ടിയാക്കും. ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.
പലകമ്പനികളും ഡബ്ല്യു.പി.എസ് സംവിധാനം ഇനിയും ഉപയോഗിച്ചിട്ടില്ല. ഈ വർഷം മേയ് മാസത്തോടെ ഡബ്ല്യു.പി.എസ് വഴി ശമ്പളം വിതരണം നടത്തണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചെറുകിട സംരംഭങ്ങള്‍ക്ക് ആഗസ്റ്റില്‍ പേമെന്റ് സംവിധാനം ശരിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലൂടെ കമ്പനികൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണ് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡേറ്റാബേസ് സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ സുപ്രധാന ഘടകമായി ഡബ്ല്യു.പി.എസിനെ കണക്കാക്കുന്നു. ഈ സംവിധാനം സുസ്ഥിരമായ തൊഴിലുടമ-തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കുകയും ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.