മസ്കത്ത്: ഒമാനിൽ ഇന്ന് റമദാൻ ഒന്ന്. വിശ്വാസികൾക്കിനി ആത്മവിശുദ്ധിയുടെയും പാപവിമലീകരണത്തിന്റെയും നാളുകൾ. പകലന്തിയോളമെത്തുന്ന വ്രതശുദ്ധീകരണത്തിലൂടെയും രാവേറെ നീളുന്ന പ്രാർഥനയിലൂടെയും, ആത്മാവിൽ പറ്റിപ്പിടിച്ച ക്ലാവുകൾ കഴുകി വെളുപ്പിക്കാൻ കരുത്തുപകരുന്ന ദിനരാത്രങ്ങൾ. ദൈവത്തിന് വേണ്ടി പകൽ മുഴുവൻ പട്ടിണി സഹിച്ച് മനസ്സും ശരീരവും പാകപ്പെടുത്താനും ദാനധർമത്തിലൂടെയും പരസഹായത്തിലൂടെയും സഹാനുഭൂതിയുടെ ജീവിത മാതൃകകൾ പടുക്കാനും കഴിയുന്ന പുണ്യകാലം.
ജിബ്രീൽ മാലാഖയും മലക്കായിരങ്ങളും മണ്ണിലിറങ്ങുകയും വിശ്വാസികൾക്ക് സമാധാനം നേരുകയും ചെയ്യുന്ന ലൈലത്തുൽ ഖദ്റും പുണ്യമുഹൂർത്തങ്ങളും അനുഗൃഹീതമാക്കിയ പുണ്യരാവുകൾ. അങ്ങനെ അളവറ്റ അനുഗ്രഹവുമായി പുണ്യങ്ങളുടെ പൂക്കാലം വരവായി. രണ്ട് കോവിഡ് വർഷത്തെ ഇടവേളക്കുശേഷം തനിമയോടെ വ്രതമനുഷ്ഠിക്കാൻ കഴിയുമെന്ന നിർവൃതിയിലാണ് ഈ വർഷം വിശ്വാസികൾ. നഷ്ടങ്ങളുടെയും വ്യാകുലതകളുടെയും മഹാമാരിയിൽ കവചം സൃഷ്ടിച്ച് പുണ്യ റമദാന് സാക്ഷ്യയാവാൻ കനിവുനൽകിയ ദൈവത്തിന് നന്ദി പറയുകയാണവർ.
മഹാമാരിക്കാലത്ത് കാലിടറിയവരും ലോകംതന്നെ വെടിഞ്ഞവരും നിരവധിയാണ്. ഇവരെ പ്രാർഥന നിറഞ്ഞ മനസ്സോടെ ഓർത്തെടുക്കുകയാണ് നോമ്പുകാർ. കോവിഡിന്റെ ചങ്ങലകളും ചരടുകളുമില്ലാത്ത റമദാനിൽ എത്തിച്ചേരാൻ കഴിഞ്ഞതിന്റെ തൂമന്ദഹാസവും വിശ്വാസികളുടെ മുഖങ്ങളിലുണ്ട്. കഴിഞ്ഞ രണ്ട് റമദാനുകളും കോവിഡ് പ്രളയത്തിലായിരുന്നു. നോമ്പിന്റെ ആചാര വട്ടങ്ങളും മഹിമയും പൊലിഞ്ഞുപോയ നാളുകൾ. മസ്ജിദുകളിലെത്താനും പ്രാർഥന നടത്താനും കഴിയാതെ വീടകങ്ങളിൽ അടച്ചിട്ടുപോയ രണ്ട് നോമ്പുകൾ.
റമദാന്റെ സത്ത മുഴുവൻ കോവിഡ് കൊത്തിക്കൊണ്ടുപോയതായിരുന്നു കഴിഞ്ഞ രണ്ട് നോമ്പുകളും. തൊഴിലില്ലായ്മയും ഭക്ഷണമില്ലായ്മയുമടക്കം ഏറെ പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയതായിരുന്നു കോവിഡ് നോമ്പുകൾ.
കോവിഡ് ചങ്ങലകൾ മുഴുവൻ അറ്റില്ലെങ്കിലും നോമ്പിന്റെ ചുറ്റുവട്ടങ്ങളുള്ളതാണ് ഈ റമദാൻ. പൊതു നോമ്പുതുറകൾക്കും മസ്ജിദ് ഇഫ്താറുകൾക്കും നിരോധമുണ്ടെങ്കിലും പ്രാർഥനകൾക്കും തറാവീഹിനും മസ്ജിദുകളിൽ അനുവാദം ലഭിച്ചിരിക്കുന്നു. നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ച് ദൈവസാമീപ്യം നേടാനും അതിലൂടെ വിശ്വാസത്തിന് കരുത്തുകൂട്ടാനും സജ്ജരായിരിക്കുകയാണ് വിശ്വാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.