സുഹാർ: യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണയാൾക്ക് ആവശ്യമായ പരിചരണം നൽകിയിട്ടും ജീവൻ രക്ഷിക്കാനാവാത്തതിന്‍റെ സങ്കടത്തിൽ മലയാളി നഴ്സുമാർ. സുഹാർ ആസ്റ്റർ അൽ റഫ ഹോസ്പിറ്റലിലെ നഴ്‌സുമാരായ തൃശൂർ സ്വദേശി ശാലുവും മാവേലിക്കര സ്വദേശി ശ്രുതിയും അവധിക്ക് നാട്ടിലേക്ക് തിരിച്ചതായിരുന്നു. മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു യാത്ര. തിങ്കളാഴ്ച രാവിലെ 11.30ന് പുറപ്പെടേണ്ട വിമാനം യന്ത്ര തകരാർ കാരണം വൈകുകയായിരുന്നു.
പറന്നു ഒരു മണിക്കൂർ കഴിയുമ്പോഴാണ് യാത്രക്കാരിൽ ഒരാളായ അറുപത്തിയഞ്ച്കാരനായ ഒമാനി പൗരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്യുന്നത്. പ്രമേഹ രോഗിയായ ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോകുകയായിരുന്നു. ഉടനെ വിമാനത്തിൽനിന്ന് സന്ദേശം വന്നു ഡോക്ടറോ നഴ്സോ യാത്രക്കാരിൽ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന്. എമർജൻസി വിഭാഗത്തിൽ നഴ്സായ ശ്രുതി ഓടിയെത്തി, കൂടെ ഹെഡ് നഴ്സായ ശാലുവും. പൾസ് തീരെ ഇല്ലാത്ത അവസ്ഥയിലായിരുന്നു.
ഒക്സിജൻ കൊടുത്തതോടെ പൾസിൽ ചെറിയ വ്യത്യാസം കണ്ടു തുടങ്ങി. ഇതിനിടക്ക് കിടത്തി ചികിത്സിക്കാൻ നാല് സീറ്റുകൾ ഒരുക്കി വിമാന ജോലിക്കാരും സഹകരിച്ചു. സി.പി.ആർ നൽകുന്നതിനിടെ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് രണ്ട് നഴ്‌സുമാരും സഹായത്തിനായി വന്നു. വിമാനം മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി വിദഗ്ധ ചികിത്സ നൽകിയിട്ടും ജീവൻ പറന്നകലുകയായിരുന്നുവെന്ന് ശാലുവും ശ്രുതിയും സങ്കടത്തോടെ പറഞ്ഞു. വിമാനത്തിനുള്ളിലെ പരിമിതിയിൽ കിട്ടാവുന്ന പരമാവധി ചികിത്സ ലഭ്യമാക്കി. പ്രമേഹ രോഗി ആയതിനാൽ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസ്സിലാക്കാനുള്ള മെഷിൻ വിമാനത്തിലോ ഞങ്ങളുടെ പക്കലോ ഇല്ലായിരുന്നു.
വെന്റിലേറ്റർ ആവശ്യമായ അവസ്ഥയിലേക്ക് പോകുമ്പോഴാണ് രോഗിയെ രക്ഷിക്കാൻ അടിയന്തിര ലാൻഡിങ് അല്ലാതെ വേറെ മാർഗ്ഗമില്ല എന്ന് ഞങ്ങൾക്ക് തോന്നിയത്. ക്യപ്റ്റനടക്കം വിമാന ജോലിക്കാരും മറ്റു യാത്രക്കാരും നല്ല സഹകരണമാണ് നൽകിയതെന്നും ഇരുവരും പറഞ്ഞു. മൂന്നു മണിക്കൂറോളം നടപടി ക്രമങ്ങൾക്കായി വിമാനത്തിലുള്ളവർക്ക് മുംബൈയിൽ കാത്തുനിൽക്കേണ്ടിവന്നു. നഴ്സുമാരുടെ ആത്മാർഥമായ സേവനങ്ങളെ എല്ലാവരും പ്രശംസികുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.