മസ്കത്ത്: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന 39-ാമത് ട്രേഡ് എക്സ്പോയിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ ) പങ്കെടുത്തു. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി കമ്പനികളെയും നിക്ഷേപകരെയും ഒരുമിച്ചുകൊണ്ടുവരുന്ന അന്താരാഷ്ട്ര പരിപാടിയാണ് എക്സിബിഷൻ. വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കാനും പങ്കെടുക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വിപുലീകരിക്കാനും ഇത് അവസരമൊരുക്കുന്നു.
ഒ.സി.സി.ഐ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ രണ്ടാം ഡെപ്യൂട്ടി ചെയർമാൻ എൻജിനീയർ ഹമൂദ് സലിം അൽ സാദി ആയിരുന്നു ഒമാനി പ്രതിനിധി സംഘത്തെ നയിച്ചത്. ഇന്തോനേഷ്യയിലെ ഒമാൻ അംബാസഡർ ശൈയ്ഖ് മുഹമ്മദ് അഹമ്മദ് അൽ ഷാൻഫാരിയും ഒ.സി.സി.ഐ ബോർഡ് ഓഫ് ഡയറക്ടർമാരുടെയും തലവന്മാരുടെയും 26 അംഗങ്ങളും പങ്കെടുത്തു.
ഒമാനും ഇന്തോനേഷ്യയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ ലഭ്യമായ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ഒ.സി.സി.ഐ ഇന്തോനേഷ്യൻ പ്രതിനിധിയുമായി ഒരു കൂടിക്കാഴ്ച നടത്തി.
ഇന്തോനേഷ്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ഒ.സി.സി.ഐ ഒരു ധാരണ പത്രവും (എം.ഒ.യു) ഒപ്പുവെച്ചു. സാമ്പത്തിക ബന്ധങ്ങൾ ഏകീകരിക്കലും വിവിധ മേഖലകളിൽ വൈദഗ്ധ്യം കൈമാറാലും ധാരണ പത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.