മസ്കത്ത്: സൂറിൽ വീട്ടുജോലിക്കായി എത്തിച്ചേർന്ന ശേഷം രോഗാവസ്ഥമൂലം തൊഴിൽ നഷ്ടമാവുകയും നാട്ടിലേക്ക് തിരികെ പോകാനാകാതെ ദുരിതത്തിലാവുകയും ചെയ്ത കൊല്ലം ആയൂർ കമ്പംകോട് സ്വദേശിനിയെ ഒ.ഐ.സി.സി ഒമാൻ നേതാക്കൾ ഇടപെട്ട് നാട്ടിലെത്തിച്ചു. ജോലിക്കായി എത്തിച്ച ഏജൻസി കൈയൊഴിഞ്ഞതോടെ ഇവരുടെ വീട്ടുകാർ നാട്ടിൽ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരുന്നു. എന്നാൽ നടപടികളുണ്ടാകാതെ വന്നപ്പോൾ കമ്പംകോട് പഞ്ചായത്ത് മെംബർ ലാലിയും യൂത്ത് കോൺഗ്രസ് നേതാവ് ജോബിനും വിഷയം ഒമാനിലെ ഒ.ഐ.സി.സി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സീനിയർ കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ, ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് ചെണ്ടയാട്, ട്രഷറർ സജി ചങ്ങനാശ്ശേരി, സൂർ റീജനൽ കമ്മിറ്റി പ്രസിഡന്റ് ശ്രീധർ ബാബു, ജനറൽ സെക്രട്ടറി സമീർ എന്നിവർ അധികാരികളുമായി ബന്ധപ്പെട്ട് വേണ്ട നിയമനടപടികൾ പൂർത്തിയാക്കുകയും ഇവരെ നാട്ടിലെത്തിക്കുകയുമായിരുന്നു. തിരുവോണനാളിൽതന്നെ അവരെ നാട്ടിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും യാത്രയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഒ.ഐ.സി.സി ഏറ്റെടുത്തെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.