മസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണ വില വീണ്ടും ഉയരാൻ തുടങ്ങി. മേയിൽ വിതരണം ചെയ്യേണ്ട എണ്ണ ബാരലിന് 115.70 ഡോളറായിരുന്നു ദുബൈ എക്സ്ചേഞ്ചിലെ വില. ബുധനാഴ്ചത്തെ വിലയെക്കാൾ 3.41 ഡോളർ കൂടുതലാണിത്. ബുധനാഴ്ച ബാരലിന് 112.90 ഡോളറായിരുന്നു. എണ്ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
യുക്രെയ്ൻ യുദ്ധത്തെതുടർന്ന് റഷ്യൻ എണ്ണക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ യൂറോപ്യൻ രാജ്യങ്ങളിൽ ഏപ്രിലോടെ ദിവസവും മൂന്നു ദശലക്ഷം ബാരൽ എണ്ണയുടെ കമ്മിയാണ് ഉണ്ടാവുക. ഇത് നികത്തുക എളുപ്പമല്ലെന്ന തിരിച്ചറിവാണ് എണ്ണവില വീണ്ടും ഉയരാൻ കാരണം.
യുക്രെയ്ൻ പ്രശ്നം ആരംഭിച്ചതോടെ എണ്ണവില കുത്തനെ വർധിച്ചെങ്കിലും ഈ മാസം 15ന് ഒമാൻ എണ്ണവില ബാരലിന് 100 ഡോളർ വരെ എത്തിയിരുന്നു. തൊട്ടുമുമ്പുള്ള ആഴ്ച ഒമാൻ എണ്ണവില 127. 71 ഡോളർ വരെ എത്തിയ ശേഷമാണ് വില പെട്ടെന്ന് കുറയാൻ തുടങ്ങിയത്. ആഗോള മാർക്കറ്റിലും വില 139 ഡോളറിൽ എത്തിയിരുന്നു. 2008 ശേഷമുള്ള ഉയർന്ന വിലയായിരുന്നു ഇത്. ഈ ആഴ്ചയോടെയാണ് വില വീണ്ടും ഉയരാൻ തുടങ്ങിയത്. നിലവിലെ അവസ്ഥയിൽ എണ്ണ വില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഈ വർഷം അവസാനത്തോടെ അസംസ്കൃത എണ്ണ വില ബാരലിന് 200 ഡോളർ കടക്കുമെന്ന് ആഗോള തലത്തിൽ എണ്ണ വ്യാപാരികൾ പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. ഏതാനും മാസങ്ങൾകൊണ്ട് എണ്ണവില സാധാരണ ഗതി പ്രാപിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ല. റഷ്യ എണ്ണ വിതരണം യൂറോപ്യൻ രാജ്യങ്ങളിൽ എന്നന്നേക്കുമായി നിലക്കാനുള്ള സാധ്യതയാണ് കാണുന്നത് -എണ്ണ വ്യാപാരികൾ പറയുന്നു.
അതിനിടെ റഷ്യൻ എണ്ണക്ക് വിലക്ക് നിലവിൽ വരുന്നതോടെ വൻ എണ്ണ കമ്മിയാണ് ലോകതലത്തിൽ അനുഭവപ്പെടാൻ പോവുന്നത്. ഏപ്രിൽ മുതലാണ് ഇതിന്റെ ആഘാതം ലോകത്തെ എണ്ണ ഉപഭോഗ രാജ്യങ്ങൾ അനുഭവിക്കുക. ദിവസവും മൂന്നു ദശലക്ഷം എണ്ണയുടെ കുറവാണ് റഷ്യൻ എണ്ണക്ക് വിലക്ക് ഏർപ്പെടുത്തുന്നതോടെ ഉണ്ടാവുന്നത്. നിലവിലെ പ്രയാസം പരിഹരിക്കണമെങ്കിൽതന്നെ രണ്ട് ദശലക്ഷം ബാരൽ അധികം ലഭിക്കണം. ഇറാൻ ആണവ പ്രശ്നം പരിഹരിച്ചാൽ ദിവസവും 1.2 ദശലക്ഷം ബാരൽ എണ്ണയാണ് മാർക്കറ്റിൽ എത്തുക. വീണ്ടും വരുന്ന എണ്ണ കമ്മി നികത്തണമെങ്കിൽ ഒപെക് അംഗ രാജ്യങ്ങൾ ഇനിയും ഉൽപാദനം വർധിപ്പിക്കേണ്ടി വരും. ഏതായാലും എണ്ണവില എവിടം വരെ എത്തുമെന്നും എങ്ങോട്ട് പോവുമെന്നും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.