മസ്കത്ത്: ശരാശരി എണ്ണവില ബജറ്റിൽ കണക്കാക്കിയതിനെക്കാൾ ഏറെ ഉയർന്നതിനാൽ നടപ്പ് സാമ്പത്തികവർഷത്തിൽ ബജറ്റ് കമ്മി കഴിഞ്ഞ 11 വർഷത്തിലുള്ളതിനെക്കാൾ ഏറ്റവും കുറവായിരിക്കും. അതോടൊപ്പം ഗ്യാസ് എണ്ണയിതര ഇനത്തിൽനിന്നുള്ള വരുമാനവും വർധിക്കുമെന്ന് മിഡിലീസ്റ്റിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡി വിലയിരുത്തുന്നു. കഴിഞ്ഞ വർഷം ബജറ്റ് കമ്മി മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 1.22 ശതകോടിയായിരുന്ന ബജറ്റ് കമ്മി. 2020ൽ 4.4 ശതകോടിയായിരുന്നു കമ്മി. കഴിഞ്ഞ വർഷം ബജറ്റ് കമ്മി കുറയാനുള്ള പ്രധാന കാരണം എണ്ണ, പ്രകൃതി വാതകത്തിൽനിന്നുള്ള വരുമാനം വർധിച്ചതാണ്. എണ്ണ ഉൽപാദനവും വർധിച്ചിരുന്നു. ഒമാൻ ഗ്യാസിൽനിന്നുള്ള വരുമാനം 41 ശതമാനം ഉയരുകയും ചെയ്തു.
ഈ വർഷത്തെ ബജറ്റ് കമ്മി 1.55 ശതകോടിയായിരുന്നു കണക്കാക്കിയിരുന്നത്. എണ്ണവില ബാരലിന് 50 ഡോളർ കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്.
ഈ വർഷം എണ്ണബാരലിന് ശരാശരി 68 ഡോളർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബജറ്റിൽ കണക്കാക്കിയതിനെക്കാൾ 40 ശതമാനം കൂടുതലാണ്. എണ്ണയിതര മാർഗങ്ങളിൽനിന്നുള്ള വരുമാനവും ഈ വർഷം വർധിക്കും. കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഒമാന്റെ മൊത്തം വരുമാനം ഒമ്പത് ശതമാനമാണ് വർധിക്കുക.
ഈ വർഷം രാജ്യത്തിന്റെ മൊത്തം ചെലവ് 12.13 ശതകോടി റിയാലാണ്. ഈ വർഷം ബജറ്റ് കമ്മി 0.6 ശതകോടിയായി കുത്തനെ കുറയും. എന്നാൽ, രാജ്യത്തിന്റെ വരുമാനത്തിന്റ 70 ശതമാനവും എണ്ണയിൽനിന്നും പ്രകൃതി വാതകത്തിൽനിന്നുമാണ് ലഭിക്കുന്നത്.
എണ്ണവില കുറയുന്നത് ഒമാൻ സാമ്പത്തിക മേഖലക്ക് വൻ തിരിച്ചടിയാവും. നിലവിലെ അവസ്ഥയിൽ ഒമാെൻറ സാമ്പത്തികമേഖല ഏറെ മെച്ചപ്പെടുമെന്ന് അന്താരാഷ്ട്ര ഏജൻസികളും വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.